ദക്ഷിണേഷ്യയിലെ ആദ്യ ജി20 ഉച്ചകോടി ഭാരതമണ്ണിൽ നടക്കുന്നതിന്റെ അഭിമാനത്തിലാണ് നാം. 20 അംഗരാജ്യങ്ങൾ ഉൾപ്പെടെ 40-ത്തിലധികം പ്രതിനിധികളും നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടിയുടെ ആദ്യ ദിനത്തിലെ ചർച്ചകളുടെ പ്രഖ്യാപനം ഇന്നലെയുണ്ടായി. 83 ഖണ്ഡികകളുള്ള പ്രഖ്യാപനം ഐക്യകണ്ഠനേയാണ് പാസാക്കിയതെന്നത് ഏറെ ശ്രദ്ധേയമാണ്. ഇന്ത്യയുടെ നിലപാടുകളും നീക്കങ്ങളും ലോകരാജ്യങ്ങൾ എങ്ങനെ അംഗീകരിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് ഇന്നലെത്തെ ചർച്ചയ്‌ക്കൊടുവിലുണ്ടായ പ്രഖ്യാപനം.
ലോകം ഒരു കുടുംബമാകുന്ന ‘വസുധൈവ കുടുംബം’ എന്ന പ്രമേയത്തിലൂന്നിയ ഉച്ചകോടിയിൽ പ്രധാനമായും മൂന്ന് സെഷനുകളിലാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്. ആദ്യത്തെ സെഷൻ ‘ ഒരു ഭൂമിയും’ രണ്ടാം സെഷൻ ‘ഒരു കുടുംബവും’ ആയിരുന്നു. ഈ രണ്ട് സെഷനുകളിലായി നിരവധി വിഷയങ്ങളിൽ ലോകനേതാക്കളും പ്രതിനിധികളും ചർച്ച നടത്തി. മൂന്നാം സെഷൻ ‘ഒരു ഭാവി’ ഇന്ന് നടക്കും. ആഗോള പുരോഗതിയ്‌ക്ക് ഉതകും വിധമുള്ള അഞ്ച് സുപ്രധാന പ്രഖ്യാപനങ്ങളാണ് ഇന്നലെയുണ്ടായത്.
1) 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടങ്ങുന്ന സംഘത്തിനെയാണ് ജി20 (ഗ്രൂപ്പ് ഓഫ് 20) എന്ന് പറയുന്നത്. ഈ ഗ്രൂപ്പിനൊപ്പമായിരിക്കുകയാണ് ആഫ്രിക്കൻ യൂണിയനും. 55 അംഗരാജ്യങ്ങളുടെ കൂട്ടായ്മയായ ആഫ്രിക്കൻ യൂണിയന് ജി20-യിൽ സ്ഥിരാംഗത്വം നൽകിയാണ് ഉച്ചകോടി ആരംഭിച്ചത്. ഇന്ത്യയുടെ ഇടപെടലിലാണ് ആഫ്രിക്കൻ ശബ്ദവും ജി20-യുടെ ഭാഗമാകുന്നതെന്നതിൽ ഓരോ ഭാരതീയനും അഭിമാനിക്കാം.
2) യുദ്ധം മൂലം രാജ്യങ്ങൾക്കിടയിലെ പരസ്പര വിശ്വാസം കുറഞ്ഞെന്നും യുദ്ധം അവസാനിപ്പിക്കേണ്ടതാണെന്നും ചർച്ചയിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. കൊറോണയെ മറികടന്നത് പോലെ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധിയെയും ഒത്തൊരുമിച്ച് മറികടക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
3) പുനരുപയോഗ ഊർജ്ജശേഷി മൂന്നിരട്ടിയാക്കുമെന്നുള്ള സുപ്രധാന പ്രഖ്യാപനവും ഉച്ചകോടിയിലുണ്ടായി. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളിൽ നിന്ന് രക്ഷനേടാനുള്ള പദ്ധതികളിൽ പ്രധാനമാണ് ഇത്. 2025-ന് മുൻപ് കാർബൺ പുറന്തള്ളൽ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും പരാമർശിച്ചു.
4) ഇന്ത്യയ്‌ക്കും പശ്ചിമേഷ്യക്കും യൂറോപ്പിനുമിടയിൽ സാമ്പത്തിക ഏകീകരണം സാധ്യമാക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്തവ്യാപാര സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചു. കടൽ മാർഗവും റെയിൽ മാർഗവും ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് കരാറായത്. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, അമേരിക്ക എന്നീ രാജ്യങ്ങൾ ചേർന്നുള്ള ഇത്തരത്തിലെ ആദ്യ കരാറാണിത്.
5) വിവിധ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്തുന്ന ചർച്ചകളും ഇന്നലെയുണ്ടായി. അതിൽ പ്രധാനപ്പെട്ടതാണ് ഇന്ത്യ-യുകെ ഉഭയകക്ഷി ചർച്ച. യുകെയുമായുള്ള വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കാനും നിക്ഷേപം വർദ്ധിപ്പിക്കാനുമുള്ള മാർഗങ്ങൾ ചർച്ച ചെയ്യപ്പെട്ടു. സുസ്ഥിരമായ ഭൂമിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയുമായി പങ്കുച്ചേരുന്നത് തുടരുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും പ്രധാനമന്ത്രി ചർച്ച നടത്തി. കണക്ടിവിറ്റി, വാണിജ്യം, മറ്റ് മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യയും ജപ്പാനും ഉത്സാഹഭരിതരാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനത്തിനെ എപ്രകാരം ചെറുക്കാമെന്നത് സംബന്ധിച്ചായിരുന്നു ഒന്നാം സെഷനായ ‘ഒരു ഭൂമിയിൽ’ നടന്നത്. കൊറോണയ്‌ക്ക് ശേഷുമുള്ള ഈ കാലഘട്ടം ആഗോള പുനർനിർമ്മാണത്തിനുള്ള അവസരമാണെന്നും സുസ്ഥിര വികസനം യാഥാർത്ഥ്യമാക്കണമെന്നും അഭിപ്രായപ്പെട്ടു.
രണ്ടാം സെഷനായ ‘ഒരു കുടുംബത്തിൽ’ ജനജീവിതത്തെ എങ്ങനെ ശാക്തീകരിക്കാമെന്നും സുസ്ഥിര വികസനത്തിലൂടെ എങ്ങനെ ഭൂമിയെ സംരക്ഷിക്കാമെന്നും ഈ സെഷനിൽ ചർച്ച ചെയ്യപ്പെട്ടു. സാങ്കേതികവിദ്യ ജനജീവിതം സുഗമമാക്കിയതും പരാമർശിക്കപ്പെട്ടു. മൂന്നാം സെഷൻ ‘ഒരു ഭാവി’ സമാപന ദിനമായ ഇന്ന് നടക്കും.
Comments