മുംബൈ: കനത്ത മഴയെ തുടർന്ന് റൺവേയിൽ സ്വകാര്യ ജെറ്റ് തെന്നിമാറി അപകടം. മുംബൈ വിമാനത്താവളത്തിൽ വൈകിട്ടോടെയാണ് അപകടം സംഭവിച്ചത്. ലാൻഡിംഗിനിടെ വിമാനം തെന്നിമാറുകയായിരുന്നു. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റു. വിശാഖപട്ടണത്തു നിന്നും മുംബൈയിലേക്കെത്തിയ സ്വകാര്യ കമ്പനിയുടെ വിമാനമാണ് തെന്നിമാറിയത്. സംഭവത്തെ തുടർന്ന് മുംബൈ വിമാനത്താവളത്തിന്റെ റൺവേ അടച്ചു.
വിമാനത്തിൽ രണ്ട് പൈലറ്റുകളും ആറ് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനം ഇറങ്ങവേ കാഴ്ച മറഞ്ഞതാകാം അപകടകാരണമെണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ അഗ്നിശമന സേനയെത്തി തീപിടിത്തത്തിനുള്ള സാഹചര്യം ഒഴിവാക്കി. സംഭവത്തെ തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മുബൈയിൽ ലാന്റ് ചെയ്യേണ്ടിയിരുന്ന വിമനങ്ങൾ ഗോവ, അഹമ്മദാബാദ് എന്നിവിടങ്ങളിലേയ്‌ക്കാണ് തിരിച്ചുവിട്ടിരിക്കുന്നത്. കനത്ത മഴയെ തുടർന്ന് റൺവേ വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
Comments