ന്യൂഡൽഹി: എൽഐസി ഏജന്റുമാർക്കും ജീവനക്കാർക്കും വേണ്ടിയുള്ള ക്ഷേമ നടപടികൾക്ക് അംഗീകാരം നൽകി ധനമന്ത്രാലയം. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്‌ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏജന്റുമാരുടെ ഗ്രാറ്റുവിറ്റി പരിധി മൂന്ന് ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായി ഉയർത്താനാണ് തീരുമാനം.
തൊഴിൽ സാഹചര്യങ്ങളിലും ആനുകൂല്യങ്ങളിലും ഗണ്യമായ പുരോഗതി കൊണ്ടുവരാൻ ലക്ഷ്യമിടുന്നതാണ് പുതിയ മാറ്റങ്ങൾ. ഏജന്റുമാർക്കുള്ള ടേം ഇൻഷുറൻസ് പരിരക്ഷ നിലവിലെ 3,000 -10,000 രൂപയിൽ നിന്ന് 25,000-150,000 രൂപയായും വിപുലീകരിച്ചിട്ടുണ്ട്. മരിച്ചുപോയ ജീവനക്കാരുടെ കുടുംബത്തിന് ഏറെ പ്രയോജനം ചെയ്യുന്നതാണ് ഈ വർധന.
കൂടാതെ, എൽഐസി ജീവനക്കാരുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി 30 ശതമാനം നിരക്കിൽ കുടുംബ പെൻഷൻ നൽകാനും ധനമന്ത്രാലയം തീരുമാനിച്ചു. ഇന്ത്യയിൽ എൽഐസിക്ക് വേണ്ടി നിർണായക പങ്ക് വഹിക്കുന്ന 13 ലക്ഷത്തിലധികം വരുന്ന ഏജന്റുമാർക്കും ഒരു ലക്ഷത്തിലധികം വരുന്ന സ്ഥിരം ജീവനക്കാർക്കും ഈ ക്ഷേമ നടപടികളുടെ പ്രയോജനം ലഭിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
Comments