ബംഗളൂരു: ഹിന്ദു ആചാരങ്ങളോട് വീണ്ടും മുഖം തിരിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നെറ്റിയിൽ തിലകം ചാർത്താൻ വിസമ്മതിക്കുന്ന കർണാടക മുഖ്യമന്ത്രിയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സിദ്ധരാമയ്യയെ സ്വീകരിക്കുന്നതിന്റെ ഭാഗമായി തിലകം ചാർത്താൻ ശ്രമിക്കുമ്പോൾ വേണ്ടെന്ന് പറഞ്ഞ് തടയുന്നത് ദൃശ്യങ്ങളിൽ കാണാം. സംഭവം വിവാദമായതോടെ സിദ്ധരാമയ്യ മതേതര പ്രതിച്ഛായ ഉയർത്തിപ്പിടിക്കുകയാണെന്ന് കോൺഗ്രസ് അനുകൂലികൾ വാദിക്കുന്നു. സിദ്ധരാമയ്യ ഹിന്ദുക്കളെ അപമാനിച്ചെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ല ട്വീറ്റ് ചെയ്തു.
‘മമതയ്‌ക്ക് ശേഷം ഇപ്പോൾ സിദ്ധരാമയ്യയും തിലകം അണിയാൻ വിസമ്മതിക്കുന്നു. തൊപ്പി ഇടുന്നത് ശരിയാണ്, പക്ഷേ തിലകം ഇടുന്നതിലാണ് പ്രശ്‌നം. കാരണം, ഹിന്ദുക്കളെയും സനാതന ധർമ്മത്തെയും ആക്രമിക്കാൻ മുംബൈയിൽ ഇൻഡി സഖ്യം തീരുമാനിച്ചു. ഉദയനിധി സ്റ്റാലിൻ മുതൽ എ രാജ വരെ, ജി പരമേശ്വര മുതൽ പ്രിയങ്ക് ഖാർഗെ വരെ, ആർജെഡി മുതൽ എസ്പി വരെ ഹിന്ദു വികാരത്തെ വൃണപ്പെടുത്തുകയാണ്. വോട്ട് ബാങ്കിലാണ് അവരുടെ നോട്ടം’ അദ്ദേഹം കുറിച്ചു.
ഇതിന് മുൻപ് കേരളത്തിലെ ക്ഷേത്രത്തിൽ എത്തിയപ്പോൾ ആചാരാനുഷ്ഠാനങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടതിനാൽ താൻ കയറാതെ തിരിച്ച് വന്ന കാര്യം സിദ്ധരാമയ്യ പറഞ്ഞിരുന്നു. തന്നോട് ഷർട്ട് അഴിച്ചുമാറ്റിയതിന് ശേഷം പ്രവേശിക്കാൻ അധികൃതർ ആവശ്യപ്പെട്ടതായും എന്നാൽ താൻ ആ ആചാരത്തെ എതിർത്തെന്നും ക്ഷേത്രത്തിൽ കയറാൻ വിസമ്മതിച്ചെന്നും സിദ്ധരാമയ്യ പൊതിപരിപാടിയിൽ പ്രസംഗിച്ചിരുന്നു. ഇൻഡി സഖ്യം ഹിന്ദു വിരുദ്ധത പരസ്യമായി പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെയാണ് സിദ്ധരാമയ്യയുടെ വിഡിയോ പുറത്ത് വന്നത്.
Comments