തിരുവനന്തപുരം: അരിക്കൊമ്പൻ ജനവാസ മേഖലയ്‌ക്കടുത്ത് എത്തിയതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് തമിഴ്‌നാട് വനം വകുപ്പ്. പ്രത്യേക സംഘം ആനയെ നിരീക്ഷിക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു. അരിക്കൊമ്പന്റെ റഡാറിൽ നിന്നുള്ള സിഗ്നലുകൾ തുടരെ ലഭിക്കുന്നുണ്ടെന്ന് വനംവകുപ്പ് നെയ്യാർ ഡിവിഷൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ന് രാവിലെ ലഭിച്ച സിഗ്നൽ അനുസരിച്ച് അരിക്കൊമ്പൻ മാഞ്ചോല ഭാഗത്ത് തുടരുകയാണ്.
കഴിഞ്ഞ ദിവസം അരിക്കൊമ്പൻ ജനവാസ മേഖലയിൽ എത്തിയിരുന്നു. മാഞ്ചോല എസ്റ്റേറ്റിന് സമീപത്താണ് അരിക്കൊമ്പൻ എത്തിയത്. 2000 ത്തോളം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് മാഞ്ചോല എസ്റ്റേറ്റ്. അരികൊമ്പൻ പ്രദേശത്തെ വാഴകൃഷി നശിപ്പിച്ചത് പ്രദേശവാസികളിൽ ആശങ്ക പടർത്തിയിരുന്നു. എന്നാൽ ഇവിടെ ആനകൾ എത്തുന്നത് പതിവാണെന്നും ഭയപ്പെടാനില്ലെന്നും തമിഴ്നാട് വനംവകുപ്പ് പറഞ്ഞു.
നിലവിൽ ആന കൂടുതലായി സഞ്ചരിക്കുന്നുണ്ട്. വനത്തിൽ തുറന്നുവിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ ദൂരത്തിലാണ് അരിക്കൊമ്പൻ ഉള്ളത്. കഴിഞ്ഞ ദിവസം മാത്രം 10 കിലോമീറ്ററാണ് അരിക്കൊമ്പൻ സഞ്ചരിച്ചത്.
Comments