ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസായതിൽ 140 കോടി ഇന്ത്യക്കാർക്കും ആശംസകൾ നേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിന്റെ ജനാധിപത്യ വീഥിയിലെ നിർണായകമായ നിമിഷമാണിതെന്നും പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
ഐകകണ്‌ഠ്യേന ബിൽ പാസാക്കിയതിൽ എല്ലാ രാജ്യസഭ എംപിമാർക്കും അദ്ദേഹം നന്ദി പറഞ്ഞു. നാരീശക്തി അധിനിയം പാർലമെന്റിൽ പാസാക്കിയതോടെ രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെയും വനിതാ പ്രാതിനിധ്യത്തിന്റെയും ശക്തമായ യുഗത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് നമ്മുടെ രാജ്യത്തെ കെട്ടിപ്പടുത്തുയർത്തിയ അനേകായിരം സ്ത്രീകൾക്കുള്ള ആദരവാണ്. രാഷ്‌ട്രം അവരുടെ ത്യാഗത്താലും സംഭാവനകളാലും സമ്പനമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സ്ത്രീകളുടെ ശക്തിയുടെയും ധൈര്യത്തിന്റെയും അജയ്യമായ ആവേശത്തിന്റെയും ദിവസമായി ഈ ദിനം ആഘോഷിക്കപ്പെടും. സ്ത്രീകളുടെ ശബ്ദം കേൾക്കാൻ ബാധ്യസ്ഥരാണെന്ന് ഉറപ്പാക്കുന്നതാണ് ഈ ചരിത്രപരമായ ചുവടുവെപ്പ്. പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
215 വോട്ടുകൾ നേടി ഐകകണ്‌ഠ്യേനയാണ് രാജ്യസഭയിൽ വനിതാ സംവരണ ബിൽ പാസായത്. ബിൽ ഇനി രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയക്കും. ബില്ലിൽ രാഷ്‌ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമായി മാറും. കഴിഞ്ഞ ദിവസം ലോക്‌സഭയിൽ പാസായ ബില്ലാണ് ഇന്ന് രാജ്യസഭയിൽ പരിഗണിക്കപ്പെട്ടത്. രണ്ടുവോട്ടുകൾക്കെതിരെ 454 വോട്ടുകൾക്കാണ് ബിൽ ലോക്‌സഭയിൽ പാസായത്. അസദുദ്ദീൻ ഒവൈസിയും ഇംത്യാസ് ജലീലും ബില്ലിനെ എതിർത്ത് വോട്ടുചെയ്തിരുന്നു.