മൊഹാലി: ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. ഓസിസ് ഉയർത്തിയ 276 റൺസ് വിജയ ലക്ഷ്യം 48.4 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ഇന്ത്യക്കായി ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ഗ്വാദ്, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടി. അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയുടെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 50 ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 276 റൺസാണ് നേടിയത്. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർണസ്, ജോഷ് ഇംഗ്ലിസ് എന്നിവരുടെ പ്രകടനമാണ് ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചത്. വാർണർ 53 പന്തിൽ 52 റൺസ് നേടി. സ്മിത്ത് -41, മാർനസ് – 39, ഇംഗ്ലിസ് – 45 റൺസും നേടി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യൻ ബോളർമാർ ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാക്കി. ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. അശ്വിൻ, ജഡേജ, ബുമ്ര എന്നിവർ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് ഓപ്പണർമാർ മികച്ച തുടക്കം സമ്മാനിച്ചു. ഋതുരാജ് ഗെയ്ഗ്വാദ് 77 പന്തിൽ 71 റൺസും ശുഭ്മാൻ ഗിൽ 63 പന്തിൽ 74 റൺസും നേടി. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച കെ.എൽ രാഹുലും സൂര്യകുമാർ യാദവുമാണ് അവസാന ഓവറുകളിൽ ഇന്ത്യൻ സ്‌കോർ ബോർഡ് ചലിപ്പിച്ചത്. സൂര്യകുമാർ യാദവ് 49 പന്തിൽ 50 റൺസ് സ്വന്തമാക്കി. ക്യാപ്റ്റൻ കെ.എൽ രാഹുൽ പുറത്താകാതെ 58 റൺസും കരസ്ഥമാക്കി. ഓസിസിനായി സ്പിന്നർ ആദം സാംബ ഓസിസിനായി 2 വിക്കറ്റുകളും അബോട്ട്, കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.
ആദ്യ ഏകദിനത്തിൽ വിജയിച്ചതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. ഞായറാഴ്ച ഇൻഡോറിലാണ് രണ്ടാം മത്സരം.