ബെയ്ജിംങ്: ഏഷ്യൻ ഗെയിസിന്റെ പത്തൊൻപതാം പതിപ്പിന് ഇന്ന് ചൈനയിലെ ഹാങ്ഷൗയിൽ തുടക്കമാകും. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് പ്രധാന വേദിയായ ഹ്വാംഗ്‌ചോ ഒളിമ്പിക് സ്‌പോർട്‌സ് സെന്ററിലെ ഉദ്ഘാടനച്ചടങ്ങുകൾ നടക്കുക. 16 ദിവസം നീണ്ടു നിൽക്കുന്ന ഗെയിംസ് ഒക്ടോബർ എട്ടിന് സമാപിക്കും.
40 കായിക ഇനങ്ങളിലായി 481 മത്സരങ്ങളാണ് നടക്കുക. 45 രാജ്യങ്ങളിൽ നിന്നുള്ള 12,414 കായിക താരങ്ങൾ പങ്കെടുക്കും. 44 സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുക. 2022ൽ നടക്കേണ്ടിയിരുന്ന ഗെയിംസ് കോവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. അതിനാൽ 2022 ഏഷ്യൻ ഗെയിംസ് എന്നാണ് ഔദ്യഗികമായി അറിയപ്പെടുന്നത്.
ഇന്ത്യ ഏറ്റവും കൂടുതൽ താരങ്ങളെ (652) അണിനിരത്തുന്ന ഗെയിംസാണിത്. ഒളിമ്പിക്സ് മെഡൽ നേതാവ് നീരജ് ചോപ്ര നയിക്കുന്ന അത്ലറ്റിക്സ് സംഘത്തിലാണ് ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ. 672 മെഡലുകളാണ് ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയതെങ്കിൽ 254 മെഡലുകളും അത്‌ലറ്റിക്സിന്റെ സംഭാവനകളായിരുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 5 വരെയാണ് അത്‌ലറ്റിക് മത്സരങ്ങൾ നടക്കുക. താരങ്ങളുടെ ട്രാക്ക് റെക്കോർഡും സമീപകാല പ്രകടനങ്ങളും പരിഗണിച്ചാൽ എക്കാലത്തെയും മികച്ച അത്‌ലറ്റിക്സ് സംഘവുമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നത്. ഉദ്ഘാടന ദിന പരേഡിൽ ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ ഹര്‍മന്‍പ്രീത് സിങ്ങും ലോവ്ലിന ബോര്‍ഗോഹെയ്നും ഇന്ത്യന്‍ സംഘത്തെ നയിക്കും. സ്റ്റാർ സ്പോർട്സ് ചാനലുകളിലും സോണി ലൈവിലും ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ കാണാം.