ബെയ്ജിങ്: ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വനിതാ 4×100 മീറ്റർ റിലേ ടീം ചരിത്രനേട്ടം കുറിച്ചു. ആതിഥേയരായ ചൈനയെ പിന്നിലാക്കി ഫൈനലിൽ സ്വർണ മെഡൽ സ്വന്തമാക്കിയ ഇന്ത്യൻ സംഘം 43.85 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഈ സീസണിലെ മികച്ച സമയവും രേഖപ്പെടുത്തി.
ശ്രാബനി നന്ദ, എസ്.എസ്. സ്‌നേഹ, സുദേഷ്ണ ശിവങ്കർ, തമന്ന എന്നിവർ ചേർന്ന ഇന്ത്യൻ ക്വാർട്ടറ്റ് കൃത്യതയാർന്ന ബാറ്റൺ കൈമാറ്റവും അവസാനഘട്ടത്തിലെ വേഗതയും കൊണ്ട് മത്സരത്തിൽ മേൽക്കൈ നേടി. 44.09 സെക്കൻഡിൽ ഫിനിഷ് ചെയ്ത ചൈന വെള്ളി മെഡലും 44.11 സെക്കൻഡിൽ എത്തിയ തായ്‌ലൻഡ് വെങ്കലവും കരസ്ഥമാക്കി. റിലയൻസ് ഫൗണ്ടേഷന്റെ മാർട്ടിൻ ഓവൻസാണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ.
ടൂർണമെന്റിൽ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്ന് ആയി. ഒരു സ്വർണത്തിനൊപ്പം ഒരു വെള്ളിയും ഒരു വെങ്കലവും സ്വന്തമാക്കി ഇന്ത്യൻ അത്‌ലറ്റുകൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മിക്‌സഡ് 4×400 മീറ്റർ റിലേയിൽ തീർത്ഥേഷ് പി. ഷെട്ടി, എം.ആർ. പൂവമ്മ, ഭരത് ശ്രീധർ, നീരു പഥക് എന്നിവർ അടങ്ങിയ സംഘം 3:17.06 സമയം കുറിച്ച് വെള്ളി മെഡൽ നേടി. ഈ ഇനത്തിൽ വിയറ്റ്നാം ഒന്നാം സ്ഥാനത്തെത്തി.
മിക്‌സഡ് 4×100 മീറ്റർ റിലേയിലും ഇന്ത്യ മെഡൽ പട്ടികയിൽ ഇടംപിടിച്ചു. തമന്ന, സ്‌നേഹ ഷാനുവല്ലി, അനിമേഷ് കുജൂർ, പ്രണവ് ഗുരവ് എന്നിവർ 41.27 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി വെങ്കല മെഡൽ സ്വന്തമാക്കി. തായ്‌ലൻഡ് സ്വർണവും ചൈന വെള്ളിയും നേടി.
പരിക്കുകളുടെ പശ്ചാത്തലത്തിൽ പുരുഷന്മാരുടെ 4×100 മീറ്റർ റിലേയിൽ ഇന്ത്യൻ ടീമിനെ ഇറക്കാനാകാതിരുന്നത് മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. എന്നിരുന്നാലും, വരാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിനും ഏഷ്യൻ ഗെയിംസിനുമുള്ള മികച്ച ഒരുക്കമായാണ് ഈ ചാമ്പ്യൻഷിപ്പിലെ പ്രകടനത്തെ വിലയിരുത്തുന്നത്. 2027ലെ ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിന് ഇന്ത്യയിലെ ചണ്ഡീഗഢ് ആതിഥേയത്വം വഹിക്കാനിരിക്കുകയാണ്.















