നടി കൃതി ഷെട്ടിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചതിന്റെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി തമിഴിൽ പല സിനിമകളും പദ്ധതിയിട്ടെങ്കിലും നായകനാകാൻ വിജയ് സേതുപതി വിസമ്മതിക്കുകയായിരുന്നു. എന്നാൽ എന്തുകൊണ്ടാണ് നടിക്കൊപ്പം അഭിനയിക്കാത്തതെന്ന് വിജയ് സേതുപതി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
2021 ൽ പുറത്തിറങ്ങിയ ‘ഉപ്പെണ്ണ’ എന്ന തെലുങ്ക് സിനിമയിൽ താരം കൃതിക്കൊപ്പം അഭിനയിച്ചിരുന്നു. മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സിനിമയായിരുന്നു ‘ഉപ്പെണ്ണ’. ചിത്രത്തിൽ കൃതി ഷെട്ടിയുടെ അച്ഛനായാണ് വിജയ് സേതുപതി അഭിനയിച്ചത്. ഒരു സിനിമയിൽ മകളായി അഭിനയിച്ച നായികയ്‌ക്കൊപ്പം അടുത്ത ചിത്രത്തിൽ റൊമാൻസ് ചെയ്ത് അഭിനയിക്കാൻ തനിക്ക് സാധിക്കില്ലെന്നാണ് വിജയ് സേതുപതി പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..
‘ഉപ്പെണ്ണ എന്ന തെലുങ്ക് സിനിമയിൽ കൃതി ഷെട്ടിയുടെ അച്ഛന്റെ വേഷത്തിലാണ് ഞാൻ എത്തിയത്. സിനിമയുടെ വൻ വിജയത്തിന് ശേഷം ഞാൻ തമിഴിൽ മറ്റൊരു സിനിമയിൽ ഒപ്പുവച്ചിരുന്നു. ചിത്രത്തിലെ നായികയായി കൃതി ഷെട്ടി നന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ കരുതിയത്. നായികയായി അഭിനയിക്കുന്ന കുട്ടിയുടെ ഫോട്ടോ എന്റെ കയ്യിൽ കിട്ടി, ഞാൻ നോക്കിയപ്പോൾ അത് കൃതി ആണ്. ഉടൻ തന്നെ ഞാൻ യൂണിറ്റിനെ വിളിച്ച് പറഞ്ഞു, ഈയിടെ ഇറങ്ങിയ ഒരു തെലുങ്ക് സിനിമയിൽ ഞാൻ അവളുടെ അച്ഛനായി വേഷമിട്ടതാണ്. ഇനി എനിക്ക് അവളെ ഒരു കാമുകനായി സമീപിക്കാൻ കഴിയില്ല. അതുകൊണ്ട് അവളെ നായികയുടെ സ്ഥാനത്തുനിന്ന് ദയവായി ഒഴിവാക്കുക’.
ഉപ്പെണ്ണയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള ഒരു രംഗത്തിൽ കൃതി ഷെട്ടി വല്ലാതെ ആശയക്കുഴപ്പത്തിലായത് ഞാൻ ശ്രദ്ധിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും ആ രംഗം അവൾക്ക് നന്നായി ചെയ്യാൻ കഴിയുന്നില്ല. ഞാൻ അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ടു പറഞ്ഞു, നിന്റെ പ്രായമുള്ള ഒരു മകൻ എനിക്കുണ്ട്. നീ എനിക്ക് മകളെപ്പോലെയാണ്. എന്നെ അച്ഛനായി കരുതി ഒരു ഭയവുമില്ലാതെ അഭിനയിക്കുക. അതിന് ശേഷമാണ് അവൾക്ക് ആ രംഗം നന്നായി ചെയ്യാൻ സാധിച്ചത്. കൃതി ഷെട്ടി എനിക്ക് മകളെപ്പോലെയാണ്. അവളെ എന്റെ നായികയായി എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. വിജയ് സേതുപതി പറയുന്നു.















