തിരുവനന്തപുരം: യുകെയിലുള്ള മലയാളികൾക്ക് സന്തോഷ വാർത്ത. കേരളത്തിൽ നിന്നും യുകെയിലേക്ക് നേരിട്ട് പറക്കാൻ പ്രതിദിന വിമാന സർവീസുകൾ വരുന്നു. തിരുവനന്തപുരത്ത് നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാനാണ് അവസരം. അടുത്ത മാസം 12 മുതലാണ് വിമാനസർവീസ്. മുംബൈ വഴിയാകും സർവീസ് നടക്കുക.
നേരത്തെ യുകെയിലേക്ക് പറക്കണമെങ്കിൽ മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലേക്ക് മലയാളികൾക്ക് എത്തണമായിരുന്നു. അതുമല്ലെങ്കിൽ ദുബായ്, അബുദാബി പോലുള്ള വിദേശ വിമാനത്താവളങ്ങളിലേക്ക് എത്തിയാണ് കേരളത്തിലുള്ളവർ യുകെയിലേക്ക് പറന്നിരുന്നത്. നേരിട്ടുള്ള വിമാനസർവീസ് എത്തുന്നതോടെ മലയാളികൾക്ക് ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാനാകും.
ഇതിനായി ഇൻഡിഗോയും ബ്രിട്ടീഷ് എയർലൈൻസും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. കോഡ് ഷെയറിംഗ് കരാറിലാണ് ഇരുഎയർലൈനുകളും ഒപ്പുവച്ചിരിക്കുന്നത്. തങ്ങൾ സർവീസ് നടത്താത്ത റൂട്ടുകളിൽ സർവീസ് നടത്തുന്ന മറ്റ് എയർലൈനുകളുമായി കൈക്കോർക്കുന്ന കരാറുകളെയാണ് കോഡ് ഷെയറിംഗ് എന്ന് പറയുന്നത്.