ഷൊർണൂർ ; ഗുരുവായൂർ – രാമേശ്വരം റൂട്ടിൽ പുതിയ വന്ദേഭാരത് വരുമെന്ന സൂചന നൽകി സാധ്യതാ പഠനം. യാഥാർഥ്യമായാൽ തീർഥാടന യാത്ര പദ്ധതിയിൽ വരുന്ന ആദ്യ വന്ദേഭാരതാകും ഇത്. ഗുരുവായൂർ, പഴനി, മധുര, രാമേശ്വരം എന്നിവിടങ്ങളിലെ പ്രമുഖ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതിക്കാണു പഠനം നടത്തിയത് .
പദ്ധതി വന്നാൽ രാജ്യത്ത് തന്നെ ഏറ്റവും ദൈർഘ്യമേറിയ വന്ദേഭാരത് സർവീസായി ഇതു മാറും. പാലക്കാട് വഴിയാണെങ്കിൽ ആകെ വരുന്ന ദൂരം 796 കിലോമീറ്റർ. കൊല്ലം– ചെങ്കോട്ട വഴിയാണെങ്കിൽ 674 കിലോമീറ്ററുമായിരിക്കും .പാലക്കാട്– പൊള്ളാച്ചി പാതയിലെ പരമാവധി വേഗം, ഒറ്റ ട്രെയിൻ ഓടിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ എന്നിവയാണു പ്രധാനമായും പരിശോധിക്കുന്നത്.
നിലവിൽ വന്ദേഭാരത് ട്രെയിനുകൾ പകൽ സർവീസ് മാത്രമാണു നടത്തുന്നത്. സാങ്കേതികമാറ്റം വരുത്തിയ പുതിയ വന്ദേഭാരത് ട്രെയിനുകൾ രാത്രി അടക്കം ഓടുന്ന രീതിയിൽ ദീർഘദൂര സർവീസിന് ഉപയോഗിക്കുന്ന കാര്യത്തിൽ വിദഗ്ധ ഉപദേശം തേടും.