ധാക്ക: ബംഗബന്ധു ഷെയ്‌ക്ക് മുജീബുർ റഹ്‌മാന്റെ കൊലയാളി സിയാവുർ റഹ്‌മാനെ മരണാനന്തര വിചാരണക്ക് വിധേയനാക്കാൻ ബംഗ്ലാദേശ് ഒരുങ്ങുന്നു. ബിഎൻപി സ്ഥാപകനും സൈനിക സ്വേച്ഛാധിപതിയുമായിരുന്നു സിയാവുർ റഹ്‌മാൻ. ഇയാളുടെ ഭാര്യ ബീഗം ഖാലിദ സിയാ ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രിയാണ്.
ബംഗ്ലാദേശ് വിമോചന യുദ്ധകാര്യമന്ത്രി എ കെ എം മോസമ്മേൽ ഹഖ് ആണ് ഈ ആവശ്യമുന്നയിച്ചത്. “തിരോധാനങ്ങളുടെയും കൊലപാതകങ്ങളുടെയും നിയമവിരുദ്ധ കൊലപാതകങ്ങളുടെയും രാഷ്‌ട്രീയം ഈ രാജ്യത്ത് ആരംഭിച്ചത് സിയാവുർ റഹ്മാന്റെ ഭരണകാലത്താണ്. രാഷ്‌ട്രപിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാനെയും അദ്ദേഹത്തിന്റെ മിക്ക കുടുംബാംഗങ്ങളെയും കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്താണ് സിയാവുർ റഹ്മാൻ കൊലയുടെ രാഷ്‌ട്രീയം ആരംഭിച്ചത് ” . മോസമ്മേൽ ഹഖ് പറഞ്ഞു.
“കൊലപാതക പ്രവർത്തനങ്ങളുടെ തുടർച്ചയായി, സിയയുടെ ഭാര്യ ഖാലിദയും അദ്ദേഹത്തിന്റെ ദുഷ്ടനായ മകൻ താരിഖ് റഹ്മാനും വിചാരണ കൂടാതെയുള്ള തട്ടിക്കൊണ്ടു പോകലുകളുടെയും കൊലപാതകങ്ങളുടെയും രാഷ്‌ട്രീയം തുടർന്നു”, മൊസാമ്മൽ കൂട്ടിച്ചേർത്തു.
1977ലെയും 2013-14ലെയും തീവെപ്പ്-ഭീകരവാദം, കൊലപാതകങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കാൻ ഒരു കമ്മീഷൻ രൂപീകരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
സിയാവുർ റഹ്മാൻ കൊലപാതക രാഷ്‌ട്രീയത്തിന് തുടക്കമിട്ടെന്നും പിന്നീട് കൊലപാതകവും തീവെപ്പും നടത്തി രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചും രാജ്യത്തെ നിഷ്ഫലമാക്കാനാണ് ഖാലിദ സിയയും മകൻ താരിഖ് റഹ്മാനും ശ്രമിച്ചതെന്നും വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിച്ച ദേശീയ വിപ്പ് ഇഖ്ബാലുർ റഹീം ആവർത്തിച്ചു.
സിയാവുർ റഹ്മാന്റെ ഖബർ ജെഎസ് (പാർലിമെന്റ്) ഏരിയയിൽ നിന്ന് പൊളിച്ച് മാറ്റണമെന്ന് ചർച്ചയിൽ അധ്യക്ഷത വഹിച്ച നഹീദ് എസാഹിർ ഖാൻ എംപി പറഞ്ഞു .സിയാവുർ റഹ്മാന്റെ എല്ലാ ഹീനമായ പ്രവർത്തനങ്ങളും രാജ്യത്തെ അറിയിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ബംഗബന്ധുവിന്റെ കൊലപാതകത്തെത്തുടർന്നു 1977-ൽ ബംഗ്ളദേശിൽ കൂട്ട വധശിക്ഷ നേരിട്ട കരസേനയുടെയും വ്യോമസേനാ ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളുടെ വേദിയായ “മേയർ കണ്ണ”യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഈ ആവശ്യങ്ങൾ ഉയർന്നത്.
ബംഗ്ലാദേശിന്റെ ആറാമത്തെ പ്രസിഡന്റായ സിയാവുർ റഹ്മാൻ രാജ്യത്തെ ഇസ്ലാമികവൽക്കരിക്കാൻ കിണഞ്ഞു ശ്രമിച്ചിരുന്നു. ഒടുവിൽ 1981 മെയ് 30 ന് തെക്ക്-കിഴക്കൻ തുറമുഖ നഗരമായ ചിറ്റഗോങ്ങിൽ വെച്ച് ബംഗ്ലാദേശ് ആർമിയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരാൽ വധിക്കപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്റെ ശവകുടീരത്തിനുള്ളിൽ അടക്കിയിരിക്കുന്നത് സിയായുടെ ജഡമല്ല എന്നുള്ള വിവാദം ബംഗ്ലാദേശിൽ പണ്ടുതൊട്ടേ ഉണ്ട്. അതിനിടെ പാർലിമെന്റ് ഏരിയ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈ മുസോളിയം അവിടെ നിന്നും മാറ്റാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്നു എന്നാണ് സൂചനകൾ.