ചെന്നൈ: ബിജെപി തമിഴ്‌നാട് ഘടകത്തിന് പിന്തുണയുമായി മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീർസെൽവം. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ മാറ്റണമെന്ന് ആവശ്യപ്പെടാൻ എഐഎഡിഎംകെയ്‌ക്ക് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ബിജെപി ആവശ്യപ്പെട്ടാൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയാൻ എടപ്പാടി പളനിസാമി തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു. ചെന്നൈയിൽ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി നേതൃത്വവുമായി എല്ലായിപ്പോഴും താൻ ബന്ധം സൂക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ മൂന്നാമതും ബിജെപി അധികാരത്തിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപി നിലപാട് അറിയിച്ചാൽ സഖ്യകാര്യത്തിൽ അഭിപ്രായം തുറന്നുപറയും. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളതെന്നും ഒപിഎസ് വ്യക്തമാക്കി.
ഇലക്ഷൻ കമ്മീഷൻ എഐഎഡിഎംകെ സെക്രട്ടറിയായി എടപ്പാടി പളനി സാമിയെ അംഗീകരിച്ചതോടെയാണ് ഒപിഎസ് പാർട്ടിക്ക് പുറത്തുപോകുന്നത്. ശേഷം ഒരു മുന്നണിയോടും സഹകരിക്കാതെ സ്വതന്ത്രമായി നിൽക്കുകയായിരുന്നു. എഐഎഡിഎംകെ എൻഡിഎ വിട്ടതോടെയാണ് വീണ്ടും ബിജെപിയോട് അടുക്കാൻ ഒപിഎസ് ശ്രമിക്കുന്നത്.