തിരുവനന്തപുരം: 2023ലെ കേരള സർക്കാർ ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ ഗവർണർ ഒപ്പ് വെക്കരുതെന്ന് ഭാരതീയ വിചാരകേന്ദ്രം. സംസ്ഥാനസമിതി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഭാരതീയ വിചാരകേന്ദ്രം ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. 2007 ൽ അന്നത്തെ സർക്കാർ നിയമലംഘനത്തിന്റെ പേരിൽ പൊളിച്ചു മാറ്റിയ കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം സർക്കാർ നൽകേണ്ട അവസ്ഥയിലെത്തിക്കും. ഭരണ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം ഇതിൽ നിന്നും വ്യക്തമാണ്. ഈ സാഹചര്യത്തിൽ ബിൽ ഗവർണർ ഒപ്പ് വെക്കരുതെന്ന് ഭാരതീയ വിചാരകേന്ദ്രം ചൂണ്ടിക്കാട്ടി.
സംസ്ഥാനസമിതി യോഗത്തിൽ ഡോ. സി.എം ജോയ് അവതരിപ്പിച്ച പ്രമേയത്തിൽ നടന്ന ചർച്ചയിൽ ഡയറക്ടർ ആർ. സഞ്ജയൻ, ജനറൽ സെക്രട്ടറി കെ.സി. സുധീർ ബാബു, ഡോ. സി.വി. ജയമണി, .വി. മഹേഷ്, ഡോ. കെ എം മധുസൂദനൻപ്പിള്ള, കെ.വി. രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാനസമിതി യോഗത്തിൽ അവതരിപ്പിച്ച പ്രമേയം:
‘ഇടുക്കി ജില്ലയിലെ (പശ്ചിമഘട്ടം) മൂന്നാർ പ്രദേശത്തെ ഭൂമിയുടെ ചെരിവും. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും, ഭൂചലന-ഉരുൾപൊട്ടൽ സാധ്യതകളും. ഇക്കോളജിക്കൽ പ്രാധാന്യവും, വനം വന്യജീവി നിയമങ്ങളും കണക്കിലെടുക്കാതെ അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾക്കെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതി ഇടപെട്ടു മൂന്നാർ മേഖലയിലെ ഭൂമിപ്രശ്‌നം ശാശ്വതമായി പരിഹാരിക്കണമെന്നും ആവശ്യമെങ്കിൽ കെട്ടിടനിർമാണ നിരോധനം വരെ ആലോചിക്കാവുന്നതാണെന്നും കേരള സർക്കാരിന് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ ഇത് മറികടക്കാനായി 2023 സെപ്റ്റംബർ 14 ന് കേരള നിയമസഭ ഐകകണ്ഠമായി കേരള സർക്കാർ ഭൂമി പതിച്ച് കൊടുക്കൽ ഭേദഗതിബിൽ 2023 പാസ്സാക്കി.
ഒരു ഭേദഗതിപ്രകാരം കഴിഞ്ഞ 50 വർഷമായി ഹൈ റേഞ്ച് മേഖലയിൽ പട്ടയ / സർക്കാർ ഭൂമികളിൽ നിയമലംഘനം നടത്തി കെട്ടിപ്പൊക്കിയ നിർമ്മിതികളെ നിയമ വിധേയമാക്കാനുള്ള ചുമതല സർക്കാരിൽ നിക്ഷിപ്തമാക്കുന്നു. മറ്റൊരു ഭേദഗതി പ്രകാരം ഭൂമിയില്ലാത്തവർക്ക് കൃഷിക്കും വീട് വെക്കുന്നതിനും വേണ്ടി മാത്രം നൽകിയ പട്ടയം വഴി ഹൈറേഞ്ചിലെ പരിസ്ഥിതി ദുർബല പട്ടയ ഭൂമിയിൽ നിന്നും പാറപൊട്ടിക്കാനും റിസോർട്ട് നിർമ്മിക്കാനും, ഇക്കോ ടൂറിസത്തിന് കോർപ്പറേറ്റ് മാഫിയക്ക് വിൽക്കാനും പട്ടയ ഉടമക്ക് സാധിക്കും. ഇത് ഹൈറേഞ്ച് ഭൂപ്രകൃതിയെയും, വനം വന്യമൃഗ ആവാസവ്യവസ്ഥയെയും, ഇക്കോളജിയെയും പശ്ചിമ ഘട്ടത്തെ തന്നെ തകർക്കുന്ന തലത്തിലെത്തിക്കും, മനുഷ്യ മൃഗ സംഘർഷം വർദ്ധിപ്പിക്കും, തിരിച്ചെടുക്കാൻ കഴിയാത്ത വിധം ഭൂമി രൂപമാറ്റം വരുന്ന സ്ഥിതിയിലാകും.
2007 അന്നത്തെ സർക്കാർ നിയമലംഘനത്തിന്റെ പേരിൽ പൊളിച്ചു മാറ്റിയ കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം സർക്കാർ നൽകേണ്ട അവസ്ഥയിലെത്തിക്കും. ഭരണ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രിയം ഇതിൽ നിന്നും വ്യക്തമാണ്. ഈ സാഹചര്യത്തിൽ പുതിയ 2023 ലെ കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ ഭേദഗതി ബിൽ ഗവർണർ ഒപ്പ് വെക്കരുതെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാനസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.’