ന്യൂഡൽഹി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബർ ഒന്നിന് രാവിലെ പത്ത് മണിക്കാണ് രാജ്യ വ്യാപകമായി യജ്ഞം നടത്തുന്നത്. ‘ഒന്നാം തീയതി, ഒരു മണിക്കൂർ, ഒരുമിച്ച്’ എന്ന പേരിലാകും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക.
കൂട്ടായ ഉത്തരവാദിത്വമാണ് സ്വച്ഛ് ഭാരത്. എല്ലാ പരിശ്രമങ്ങളും എണ്ണപ്പെടുക തന്നെ ചെയ്യും. വൃത്തിയുള്ള ഭാവിയ്‌ക്കായി ഒന്നിച്ച് കൈകോർക്കാം-പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. ശുചീകരണ ക്യാമ്പെയ്ൻ സംബന്ധിച്ച് മൻ കി ബാത്തിലും പ്രധാനമന്ത്രി പരാമർശിച്ചിരുന്നു. അടുത്തുള്ള റോഡ്, പാർക്ക്, തടാകം എന്നിങ്ങനെ എവിടെ വേണമെങ്കിലും ശുചിയാക്കി യജ്ഞത്തിന്റെ ഭാഗമാകാവുന്നതാണ്. ഗാന്ധി ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പ്രത്യേക ക്യാമ്പെയ്ൻ ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘സ്വച്ഛത പഖ്വാഡ- സ്വച്ഛതാ ഹി സേവ’ 2023 കാമ്പ്യയ്നിന്റെ മുന്നോടിയായാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും സർക്കാർ- സർക്കാർ ഇതര സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണ ക്യാമ്പെയ്ൻ നടക്കും. വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി സംഘടനകളെ സഹായിക്കുന്നതിന് പ്രത്യേക പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്. ജനകീയ പ്രസ്ഥാനത്തിൽ ചേരാൻ താത്പര്യമുള്ളവർക്ക് ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇവർക്ക് സ്വച്ഛത അംബാസഡർമാരായി പ്രവർത്തിക്കാം. ആളുകൾക്ക് അവരുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നതിന് ചിത്രങ്ങളിൽ പോർട്ടലിൽ അപ്ലോഡ് ചെയ്യാൻ കഴിയും.