നമ്മുടെ ശരീരത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. ഇവ അസ്ഥികളുടെ വളർച്ചയ്‌ക്കും ആരോഗ്യത്തിനും ആവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവ ആഗിരണം ചെയ്ത് നിലനിർത്തുന്നതിന് വളരെയധികം അത്യാവശ്യമാണ്. വിറ്റാമിൻ ഡിയുടെ അളവ് ശരീരത്തിൽ കുറയുന്നത് പേശികളുടെ ബലക്ഷയത്തിന് കാരണമായേക്കും. വിറ്റാമിൻ ഡിയുടെ അളവ് കുറയുമ്പോൾ ഇത് അസ്ഥികൾ ദുർബലമാകുന്നതിന് കാരണമാകും. വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കും. വിറ്റാമിൻ ഡി കുറയുന്നതിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ പല രീതിയിലാണ് കാണിക്കാറുള്ളത്.
പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെ..
എപ്പോഴും ക്ഷീണം തോന്നുക, ഒന്നും ചെയ്യാൻ സാധിക്കാതെ തളർന്നിരിക്കുന്നത്, അസ്ഥികൾക്കുണ്ടാകുന്ന വേദന, പേശികൾക്ക് അനുഭവപ്പെടുന്ന ബലഹീനത, പേശികൾക്ക് ഉണ്ടാകുന്ന വേദന, വിഷാദം, മുടി കൊഴിച്ചിൽ എന്നിവയെല്ലാം വിറ്റാമിൻ ഡിയുടെ അപര്യാപ്തത മൂലം ഉണ്ടായേക്കാം. വിറ്റാമിൻ ഡിയുടെ കുറവ് സിസ്റ്റിക് ഫൈബ്രോസിസ്, പൊണ്ണത്തടി, വൃക്ക, കരൾ രോഗങ്ങൾ എന്നിവയ്‌ക്കും കാരണമായേക്കാം.
പരിഹാരമാർഗ്ഗങ്ങൾ…
ചർമ്മം, ഭക്ഷണം, സപ്ലിമെന്റുകൾ എന്നിവ മുഖേനയാണ് ശരീരത്തിൽ വിറ്റാമിൻ ഡി ലഭ്യമാകുന്നത്. വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കുന്നതിനായി 10 മുതൽ 15 മിനിറ്റ് വരെ ദിവസവും രാവിലത്തെ സൂര്യപ്രകാശം ഏൽക്കുന്നത് നല്ലതാണ്. വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. പാൽ, മുട്ട, മത്സ്യം എന്നിവയിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്.