കണ്ണൂർ: പരിയാരം ചിതപ്പിലെപൊയിലിൽ വൻ കവർച്ച. പളുങ്കുബസാറിലെ നാജിയാ മൻസിലിൽ അബ്ദുള്ളയുടെ വീട്ടിലാണ് കവർച്ച നടന്നത്. 35 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും നിരവധി വിലപ്പെട്ട രേഖകളും മോഷ്ടാക്കൾ കവർന്നു.
അബ്ദുള്ളയും കുടുംബവും ഇന്നലെ രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്ത മസ്ജിദിൽ നബിദിനാഘോഷ പരിപാടികൾക്ക് പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ പിറകുവശത്തെ ജനലിന്റെ ഗ്രിൽസ് ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. സി.സി.ടി.വി കാമറ പരിശോധിച്ചതിൽ നിന്നും രാത്രി 9.50- ന് ഗ്രിൽസ് മുറിക്കുന്നതിന്റെ തീപ്പൊരി സ്പാർക്ക് കണ്ടെത്തി. പ്രവാസിയായ അബ്ദുള്ള അവധിക്ക് വന്ന സമയത്ത് തന്നെയാണ് കവർച്ച നടന്നത്. പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.