പത്തനംതിട്ട: നിയമനത്തട്ടിപ്പ് വിവാദത്തിൽ ഒളിവിലാണെന്ന് പോലീസ് പറയുന്ന അഖിൽ സജീവ് മറ്റുള്ളവരുമായി ഫോണിൽ ബന്ധപ്പെടുന്നതായി റിപ്പോർട്ട്. കേസിൽ അഖിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നത് സംബന്ധിച്ചുളള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. എന്നാൽ ഈ കേസുകളിലൊന്നും പോലീസ് നടപടിയെടുക്കാൻ മുതിരുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. സിപിഎം പ്രാദേശിക നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.
സിഐടിയു ജില്ലാ നേതൃത്വം കേസ് കൊടുത്തതിനെ തുടർന്ന് 2022 ലാണ് അഖിൽ ഒളിവിൽ പോയത്. ഇതിനിടെ പല തവണ ഇയാൽ നാട്ടിൽ വന്ന് പോയതായും സുഹൃത്തുമായി മീൻക്കച്ചവടം നടത്തിയതായും വിവരമുണ്ട്. പ്രാദേശിക നേതാക്കളിൽ പലരും അഖിലിന് മലപ്പുറത്ത് ഒളിവിൽ കഴിയാൻ സാഹചര്യം ഒരുക്കികൊടുത്തിട്ടുണ്ട്. നേരത്തെ തന്നെ സംരക്ഷിച്ചിരുന്ന അഭിഭാഷക സംഘവുമായി താൻ പിണങ്ങി എന്ന് അറിയിച്ചുകൊണ്ടുള്ള വീഡിയോയും അഖിൽ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇത്രയും സംഭവിച്ചിട്ടും പോലീസിന് ഇയാളെ കണ്ടെത്താനോ പിടികൂടാനോ ശ്രമിച്ചിട്ടില്ല.
അതേസമയം ഇയാൾ നിരവധി പേരിൽ നിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പോലീസ് തന്നെ പറയുന്നു. മൂന്ന് ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയാണ് ഇയാൾ തട്ടിയെടുത്തത്. പണം തട്ടിയ നാലോളം സംഭവങ്ങളിൽ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടും അന്വേഷണമോ അറസ്റ്റോ ഉണ്ടായില്ല.