ഡെബിറ്റ്- ക്രെഡിറ്റ് കാർഡ് ഉപയോഗം അനുദിനം വർദ്ധിച്ചു വരികയാണ്. 907 മില്യൺ കാർഡുകളാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. എന്നാൽ പണമിടപാടുകൾക്കും ഓൺലൈൻ ട്രാൻസാക്ഷൻസിനും മാത്രമല്ലാതെ മറ്റ് ചില ഉപയോഗങ്ങളും ഇതുകൊണ്ടുണ്ട്. പത്ത് ലക്ഷം രൂപ വരെയുള്ള അപകട ഇൻഷുറൻസ് നേടി തരാനും ഈ ഡെബിറ്റ് കാർഡുകൾക്ക് സാധിക്കും.
ഡെബിറ്റ് കാർഡുകൾ സാധാരണയായി കോംപ്ലിമെന്ററി അപകട ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നുണ്ട്. പേഴ്‌സണൽ ആക്‌സിഡന്റ് കവർ, ലയബലിറ്റി കവർ, പർച്ചേഴ്‌സ് പ്രൊട്ടക്ഷൻ കവർ, ലോസ്/ ഡിലേ ഇൻ ബാഗേജ് കവർ എന്നിങ്ങനെ ഡെബിറ്റ് കാർഡുകൾ പല വിധത്തിലുള്ള കവറേജുകൾ നൽകുന്നുണ്ട്. ഉപയോക്താവിന്റെ കാർഡും അക്കൗണ്ടും അനുസരിച്ചാകും ഓരോ പരിരക്ഷകളും ലഭിക്കുക.
എസ്ബിഐ ഡെബിറ്റ് കാർഡുകൾ ആക്സിഡന്റ് ഇൻഷുറൻസും പർച്ചേസ് പ്രൊട്ടക്ഷൻ കവറുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇൻഷുറൻസ് തുക, എസ്ബിഐ ഗോൾഡ്, പ്ലാറ്റിനം, പ്രൈഡ് , പ്രീമിയം എന്നീ കാർഡുകൾക്ക് അനുസരിച്ച് ലഭിക്കുന്ന തുകയിൽ മാറ്റം വരും. തുക ക്ലെയിം ചെയ്യുന്നതിനായി ബാങ്കിലെത്തി ഫോം പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. അപകടത്തിൽ മരണപ്പെട്ട വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ്, എഫ്ഐആർ റിപ്പോർട്ടിന്റെ കേപ്പി, കാർഡ് ഹോൾഡറുടേയും നോമിനിയുടേയും ആധാറിന്റെ കോപ്പി എന്നിവ ഹാജരാക്കണം. ചില അവസരങ്ങളിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ കോപ്പിയും ബാങ്ക് അധികൃതർ ആവശ്യപ്പെട്ടേക്കാം.