ന്യൂഡൽഹി: സെപ്റ്റംബർ മാസത്തിലെ ജിഎസ്ടി കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം. 1,62,712 കോടി രൂപയാണ് ചരക്ക് സേവന നികുതി ഇനത്തിൽ ലഭിച്ചത്. കഴിഞ്ഞ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ നാലാം തവണയാണ് ജിഎസ്ടി വരുമാനം 1.60 ലക്ഷം കോടി കടക്കുന്നത്.
ഈ മാസം ലഭിച്ച ആകെ വരുമാനത്തിൽ സിജിഎസ്ടി വിഭാഗത്തിൽ 29,818 കോടി രൂപയും, എസ്ജിഎസ്ടി വിഭാഗത്തിൽ 37,657 കോടി രൂപ, ഐജിഎസ്ടി 83,623 കോടി രൂപ (ചരക്കുകളുടെ ഇറക്കുമതിയിൽ പിരിച്ചെടുത്ത 41,145 കോടി രൂപ ഉൾപ്പെടെ), സെസ് 11,613 കോടി രൂപയും (ഇറക്കുമതിയിൽ ശേഖരിച്ച ചരക്കുകളുടെ 881 കോടി രൂപ ഉൾപ്പെടെ) ലഭിച്ചു.
ഈ സാമ്പത്തിക വർഷത്തിലെ ആദ്യപാദം അവസാനിക്കുമ്പോൾ 9,92,508 കോടി രൂപയാണ് ആകെ വരുമാനം. കഴിഞ്ഞ വർഷത്തെ കണക്കിനെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. 2022 സെപ്റ്റംബറിനെ അപേക്ഷിച്ച് ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള നികുതിയിനത്തിൽ 14 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്.