തൃശൂർ: തൃശൂരിന്റെ മനസ്സ് സുരേഷ് ഗോപിക്കൊപ്പം തന്നെയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സുരേഷ് ഗോപിയെ വച്ച് വിവാദം സൃഷ്ടിക്കാനാണ് കേരളത്തിലെ മാദ്ധ്യമങ്ങൾ ശ്രമിച്ചതെന്നും തൃശൂരിന് വേണ്ടി സംസാരിക്കുന്നത് അദ്ദേഹം മാത്രമാണെന്നും എം.ടി രമേശ് പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂരിൽ സുരേഷ് ഗോപി നയിക്കുന്ന പദയാത്രയെപ്പറ്റിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയെപ്പറ്റിയുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘വടക്കുംനാഥന്റെ മണ്ണ് സുരേഷ് ഗോപി ഏറ്റെടുക്കാൻ തുടങ്ങിയിട്ട് എത്രയോ വർഷമായി. കുറേ നാളുകളായി തൃശൂർ കേന്ദ്രീകരിച്ചാണ് സുരേഷ് പ്രവർത്തിക്കുന്നത്. തൃശൂരിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്നുണ്ട്. ധാരാളം ആളുകൾക്ക് അദ്ദേഹം സഹായം ചെയ്തു നൽകുന്നു. തൃശൂരിന്റെ മനസ്സ് സുരേഷ് ഗോപിക്കൊപ്പം തന്നെയാണ്. തൃശൂരിന്റെ വികസനത്തിന് വേണ്ടി സംസാരിക്കുന്നത് അദ്ദേഹമാണ്. വേറെയാരാണ് അവിടെ ഇത് സംസാരിക്കുന്നത്. മാദ്ധ്യമങ്ങൾ സുരേഷ് ഗോപിയെ വച്ച് വിവാദമുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ചു. ആ വിവാദം കെട്ടടങ്ങിപോയി’.
‘സുരേഷ് ഗോപിയുടെ പദയാത്ര നടത്താൻ വേണ്ടിലുള്ള ഇടപെടലാണ് ഇഡിയുടേതെന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. ഇഡിയെ കൊണ്ടുവന്നത് സിപിഎം ആണ്. സിപിഎം വെട്ടിപ്പ് നടത്തിയിട്ടല്ലെ ഇഡി വന്നത്. അവർ തട്ടിപ്പ് നടത്തിയില്ലെങ്കിൽ ഇഡി വരുമായിരുന്നില്ലല്ലോ. പരാതിക്കാർ ആരാണെന്നാണ് എം.വി ഗോവിന്ദൻ ആദ്യം പരിശോധിക്കേണ്ടത്. സിപിഎമ്മിന് വേണ്ടി കൊടിപിടിച്ച പാവപ്പെട്ടവരാണ് പരാതി നൽകിയിരിക്കുന്നത്. സിപിഎമ്മാണ് തൃശൂരിൽ സുരേഷ് ഗോപിക്ക് കളം ഒരുക്കിയത്’- എം.ടി രമേശ് പറഞ്ഞു.