ഇന്ന് ഗാന്ധി ജയന്തി, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് സഹനത്തിന്റെ മുഖമുദ്ര പകർന്ന മഹാത്മാവിന്റെ 154-ാം ജന്മദിനം. ബ്രിട്ടീഷ് അധിനിവേശത്തെ അഹിംസയിലൂടെ നേരിട്ട് ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനായി നിർണായക പങ്കുവഹിച്ച വ്യക്തിത്വം. അതിനാൽ തന്നെ ലോക അഹിംസാ ദിനമായാണ് ഈ ദിവസം ആചരിക്കുന്നത്.
രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ള പ്രമുഖർ ഇന്ന് ഗാന്ധി സ്മൃതി കുടീരമായ രാജ്ഘട്ടിൽ എത്തി പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ആരംഭിച്ച സ്വച്ഛതാ മിഷൻ ക്യാമ്പൈൻ ഇന്നും തുടരും. കഴിഞ്ഞ ദിവസം നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രിയും ഭാഗമായിരുന്നു. ഗുസ്തി താരവും ഫിറ്റ്‌നസ് ഇൻഫ്‌ളുവൻസറുമായ അങ്കിത് ബയാൻപുരിയക്കൊപ്പമാണ് പ്രധാനമന്ത്രി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായത്.
1869 ഒക്ടോബർ രണ്ടിന് ഗുജറാത്തിലെ പോർബന്തറിലാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി ജനിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ദിശാബോധവും ഐക്യവും നൽകുന്നതിൽ നിർണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് ഗാന്ധിയുടേത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പ്രഖ്യാപിച്ച ഗാന്ധി തന്റെ ജീവിതം ജാതി, മത ചിന്തകൾക്കപ്പുറം ഭാരതത്തെ ഐക്യപ്പെടുത്താൻ അദ്ദേഹം ഉഴിഞ്ഞുവെച്ചു. ഗാന്ധിയുടെ ആത്മീയതയിലൂന്നിയ രാഷ്‌ട്രീയ പ്രവർത്തനത്തിൽ ആകൃഷ്ടനായ രബീന്ദ്രനാഥ ടാഗോറാണ് അദ്ദേഹത്തെ ‘മഹത്മാവ്’ എന്ന് ആദ്യമായി വിശേഷിപ്പിച്ചത്.
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ വംജരുടെ അവകാശങ്ങൾക്കായി നടത്തിയ സമരത്തിലൂടെയാണ് ഗാന്ധി ശ്രദ്ധേയനായത്. ശേഷം ഇന്ത്യയിലെത്തി സ്വാതന്ത്ര്യ സമരങ്ങളുടെ ഭാഗമായി. ബ്രിട്ടീഷ് സാമ്ര്യാജ്യത്തിനെതിരെ പോരാടാൻ ഇന്ത്യൻ ജനതയെ ഒന്നിച്ച് നിർത്താനും നിസ്സഹകരണ പ്രസ്ഥാനത്തിൽ അണിചേർക്കാനും ഗാന്ധിക്കായി. നിസ്സഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവയുൾപ്പെടെ ഇന്ത്യയിലെ വിവിധ സ്വാതന്ത്ര്യ സമര പരമ്പരകൾക്ക് അദ്ദേഹം നേതൃത്വം നൽകി.