ന്യൂഡൽഹി: ചൈനീസ് അതിർത്തിയിൽ പ്രതിരോധം ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്രം. ചൈനീസ് അതിർത്തിയിൽ പോരാട്ട ശേഷി വർദ്ധിപ്പിക്കുന്നതിനായി ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റായ പ്രചണ്ഡ് വാങ്ങാനാണ് പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നത്. കര,വ്യോമസേനകൾ 150 പ്രചണ്ഡ് ഹെലികോപ്റ്ററുകൾക്ക് കൂടി എച്ച്എഎല്ലിന് ഓർഡർ നൽകും. കരസേന 90-ഉം വ്യോമസേന 66-ഉം ഹെലികോപ്റ്ററുകളാകും വാങ്ങുക.
രണ്ട് വർഷങ്ങൾക്ക് മുൻപ് ചൈനയുമായി നടന്ന സംഘർഷത്തിനിടെ, അമേരിക്കയിൽ നിന്ന് വാങ്ങിയ 22 അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകൾ ലഡാക്കിൽ വിന്യസിച്ചിരുന്നു. കരസേനയ്‌ക്ക് ആറ് അപ്പാച്ചെ കോപ്റ്ററുകൾ അടുത്ത വർഷം ലഭിക്കും. പ്രചണ്ഡിനൊപ്പം അപ്പാച്ചെ കൂടി എത്തുന്നതോടെ ഭാരതത്തിന്റെ പ്രഹരശേഷി വർദ്ധിക്കും.
ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മൾട്ടി റോൾ കോംബാറ്റ് ഹെലികോപ്റ്ററാണ് പ്രചണ്ഡ്. മരുഭൂമികളിലും ഉയർന്ന പ്രദേശങ്ങളിലും ഇന്ത്യൻ സായുധ സേനയെ സഹായിക്കുന്നതിനായാണ് ഇത് രൂപകൽപന ചെയ്തിട്ടുള്ളത്. 5,000 മീറ്റർ ഉയരമുള്ള സ്ഥലത്ത് ടേക്ക് ഓഫിനും ലാൻഡിംഗിനും കഴിയുന്ന ലോകത്തെ ഏക ഹെലികോപ്റ്ററാണ് പ്രചണ്ഡ്. ശത്രുവിനെ ആകാശത്തും ഭൂമിയിലും തടയാനുള്ള മിസൈലുകളെ വഹിക്കാൻ പ്രചണ്ഡിന് കഴിയും. വരുന്ന 40 വർഷത്തെ വെല്ലുവിളികൾ മുൻകൂട്ടിയാണ് നിർമ്മാണം.
5.80 ടൺ ഭാരമാണ് പ്രചണ്ഡിനുള്ളത്. മണിക്കൂറിൽ 288 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. കഴിഞ്ഞ ഒക്ടോബറിലാണ് ആദ്യമായി പ്രചണ്ഡിനെ വിന്യസിക്കുന്നത്. ലേയിലെ തണുപ്പിലും സിയാച്ചിനിലെ കൊടുമുടികളിലും രാജസ്ഥാനിലെ മരുഭൂമിയിലെ പരീക്ഷണങ്ങൾക്കുമൊടുവിലായിരുന്നു ജോധ്പൂരിൽ വിന്യസിച്ചത്. ശത്രുവിന്റെ വ്യോമപ്രതിരോധത്തെ തകർക്കാൻ പ്രചണ്ഡിനാകും. ആക്രമണ മുന്നറിയിപ്പുകൾ നൽകുന്നതിനായി ഇലക്ട്രോണിക് കവചവും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്. ശത്രു കേന്ദ്രങ്ങളെ പൈലറ്റിന് ഹെൽമറ്റിൽ തന്നെ കാണാം.പ്രതിരോധ മേഖലയുടെ മുതൽ കൂട്ട് തന്നെയാണ് പ്രചണ്ഡ് ഹെലികോപ്റ്റർ.