തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് നടത്തിയ സിപിഎം നേതാക്കൾക്കെതിരെ ബിജെപി സംഘടിപ്പിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന് നടക്കും. മുൻ എം.പി. സുരേഷ് ഗോപി നയിക്കുന്ന യാത്ര 1.30-ന് കരുവന്നൂർ സഹകരണബാങ്കിന് മുന്നിൽ നിന്നും ആരംഭിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായി ആത്മഹത്യചെയ്തവരുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യാത്ര ആരംഭിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ നിന്ന് ആരംഭിച്ച് ഊരകം, ചേർപ്പ്, ചൊവ്വൂർ, പാലയ്‌ക്കൽ, കണിമംഗലം, കൂർക്കഞ്ചേരി, കുറുപ്പം റോഡിലൂടെ യാത്ര സ്വരാജ് റൗണ്ടിലെത്തും. തൃശൂർ കോർപ്പറേഷന് മുന്നിലാണ് യാത്രയുടെ സമാപനം. സമാപനസമ്മേളനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും.
സാമ്പത്തികമായി ചതിക്കപ്പെട്ടവരാണ് കരുവന്നൂരിലെ ജനങ്ങളെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞു. അവർക്ക് നീതി ലഭിക്കാൻ ഏതറ്റംവരെയും പോകും. അതിനാണ് താൻ പദയാത്രയുടെ ഭാഗമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ സജീവ രാഷ്‌ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന മാദ്ധ്യമ വാർത്തകൾ നിഷേധിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.
തൃശൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിൽ കൂടുതൽ സിപിഎം നേതാക്കളുടെ പങ്കുകൾ പുറത്തുവരുകയാണ്. കരുവന്നൂർ തട്ടിപ്പിലെ ഒന്നാം പ്രതി സതീശനുമായി മുൻ മന്ത്രിയും എൽഡിഎഫ് കൺവീനറുമായ ഇ.പി. ജയരാജനുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ ജനം ടിവി പുറത്തുവിട്ടിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടാപാട് നടന്നിട്ടുണ്ടെന്നും പലഘട്ടത്തിലും ജയരാജൻ സതീശനെ പരിധിവിട്ട് സഹായിച്ചിട്ടുണ്ടെന്നും സതീശന്റെ മുൻ ഡ്രൈവർ വെളിപ്പെടുത്തിയിരുന്നു.