കൊച്ചി:കേന്ദ്ര സർക്കാരിന്റെ “സ്വച്ഛതാ ഹി സേവാ” എന്ന ശുചിത്വ പദ്ധതിയോട് കൈകോർത്തു കൊണ്ട് സമൂഹ സേവനത്തിനിറങ്ങി ഐ ടി പ്രഫഷണലുകൾ. ഒക്ടോബർ 1, 2 തീയതികളിലായി കൊച്ചി ഇൻഫോ പാർക്കിനു സമീപത്തെ കാട് വെട്ടിത്തെളിക്കുകയും പരിസരമെമ്പാടും ക്‌ളീൻ ചെയ്യുകയും ചെയ്തു. കൊച്ചി കാന്റ് ബ്രീത്ത് എന്ന സംഘടനയാണ് ഈ പരിപാടിയ്‌ക്ക് നേതൃത്വം നൽകിയത്. അതോടൊപ്പം കാക്കനാട് പഞ്ചായത്ത് LP സ്കൂളിൽ കഴിഞ്ഞ 7 വർഷത്തിൽ അധികമായി നടന്നുവരുന്ന നാട്ടുനന്മ ജൈവ കർഷക കൂട്ടായ്‌മയിലെ കർഷകരും കൈകോർത്തു.
അഭ്യസ്തവിദ്യരുടെ തൊഴിൽ മേഖലയായ ഇന്ഫോപാർക്കിലെ ജീവനക്കാർക്ക് നേർവഴി കാണിച്ചു കൊടുക്കാനും കർഷകർ വേണ്ടിവന്നുയെന്ന് കൊച്ചി കാന്റ് ബ്രീത്ത് ഓർഗനൈസറും, നാട്ടുനന്മയുടെ സെക്രട്ടറിയുമായ ഹരിറാം പറഞ്ഞു. ഇൻഫോപാർക്ക് ജീവനക്കാർ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങളും, മദ്യകുപ്പികളും, മാസ്കുകളും മറ്റും അടിഞ്ഞു കൂടി ഓടകൾ മൂടിക്കിടന്നത് കൊണ്ടാണ് റോഡിന്റെ രണ്ടു ഭാഗങ്ങളിലും വെള്ളക്കെട്ട് ഉയർന്നത്. നാട്ടുനന്മ കർഷകരും, കൊച്ചി കാന്റ് ബ്രീത്ത് പ്രവർത്തകരും നന്മ കൂട്ടായ്മയും ഒരുമിച്ചു ചേർന്ന് മുൻപ് ഈ സ്ഥലമൊക്കെ വൃത്തിയാക്കി. എന്നാൽ ഇവിടെ വീണ്ടും മാലിന്യം നിക്ഷേപിച്ചു പഴയ നില ആവർത്തിക്കരുതെന്ന് ഇരു സംഘടനകളും ഇൻഫോപാർക്ക് ജീവനക്കാരോട് അപേക്ഷിച്ചു.
പട്ടിണി പരുവങ്ങളാണെങ്കിലും, ഞങ്ങളുടെ വിളകൾക്ക് വില കിട്ടുന്നില്ലെങ്കിലും കർഷകരായ ഞങ്ങൾക്ക് സമൂഹത്തോട് ഒരു കൂറുണ്ട് എന്ന് നാട്ടുനന്മ കർഷക കൂട്ടായ്മയിലെ ഏറ്റവും പ്രായം ചെന്ന കർഷകനായ എം.എ ബേബി അഭിപ്രായപ്പെട്ടു. വിദ്യാ സമ്പന്നരായ ആളുകൾ കാണിച്ചു കൂട്ടുന്ന നെറികേടിനെതിരെ ഈ രീതിയിൽ പ്രതികരിക്കുമെന്നും, ധനാഢ്യരായ ഇവിടുത്തെ ജീവനക്കാർക്ക് ഇതുമൂലം കണ്ണു തുറക്കുന്നെങ്കിൽ ആകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
50,000 ത്തിൽ അധികം ജീവനക്കാർ ജോലിചെയ്യുന്ന ഇൻഫോപാർക്കിലേക്കുള്ള വഴിയിൽ സ്ലാബുകൾ ഇളകി കിടന്നത് നന്നാക്കാനോ, ആ വഴി വൃത്തിയായി വയ്‌ക്കാനോ ഇവിടെ മാറി മാറി ഭരിക്കുന്ന ഭരണകൂടങ്ങൾക്ക് സാധിക്കുന്നില്ല എങ്കിൽ അതും ഞങ്ങൾ ജനങ്ങൾ ഏറ്റെടുത്തു ചെയ്യുമെന്ന് നാട്ടുനന്മയുടെ ട്രഷറർ കൂടെയായ നൗഫൽ മുബാറക് പറഞ്ഞു.
ബ്രഹ്മപുരം മാലിന്യ വിഷപ്പുക കൊണ്ട് കൊച്ചി വീർപ്പ് മുട്ടിയപ്പോൾ കൊച്ചി കാന്റ് ബ്രീത്ത് എന്ന സംഘടനയുമായി പ്രതിഷേധത്തിന് മുന്നിട്ട് ഇറങ്ങിയ വ്യക്തിയാണ് കാക്കനാട് നാട്ടുനന്മ ജൈവകർഷക കൂട്ടായ്മയുടെ തുടക്കക്കാരൻ കൂടെയായ ഒറ്റപ്പാലം സ്വദേശി ഹരിറാം.
ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ സമൂഹത്തിനോട് കുറച്ചു കൂടി പ്രതിബദ്ധതയുള്ളവരായി മാറണമെന്നും, നാടിനോടുള്ള കൂറും, കടപ്പാടും ജോലിയോട് കാണിക്കുന്നത് പോലെ സമൂഹത്തോടും കാണിയ്‌ക്കണമെന്നും ഇൻഫോപാർക്കിലെ TCS കമ്പനി ജീവനക്കാരൻ കൂടിയായ ഹരിറാം കൂട്ടിച്ചേർത്തു.