ന്യൂഡല്‍ഹി: ത്രിദിന ഇന്ത്യാ സന്ദര്‍ശനത്തിനായി ഡൊമിനിക്കന്‍ റിപ്പബ്ലിക് വൈസ് പ്രസിഡന്റ് റക്വേല്‍ റോഡ്രിഗസ് ഡല്‍ഹിയില്‍ എത്തി. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ എന്നിവരുമായി റക്വേല്‍ റോഡ്രിഗസ് കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സംബന്ധിച്ച സെമിനാറിലും റക്വേല്‍ റോഡ്രിഗസ് പങ്കെടുക്കും. ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറിന്റെ ക്ഷണപ്രകാരമാണ് റക്വേല്‍ റോഡ്രിഗസ് ഇന്ത്യയിലെത്തിയത്. ഒക്ടോബര്‍ 5 വരെ അവര്‍ ഇന്ത്യയിലുണ്ടാകും.
റക്വേലിനെ സ്വാഗതം ചെയ്തുകൊണ്ട് വിദേശകാര്യമന്ത്രാലയം എക്‌സില്‍ ട്വീറ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. ‘ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയില്‍ എത്തിയ ഡൊമിനിക്കന്‍ റിപ്പബ്ലിക് വൈസ് പ്രസിഡന്റ് റക്വേല്‍ റോഡ്രിഗസിന് ഊഷ്മളമായ സ്വാഗതം’. അരിന്ദം ബാഗ്ചി സമൂഹമാദ്ധ്യമമായ എക്‌സില്‍ കുറിച്ചു.
‘ഇന്ത്യ-ഡൊമിനിക്കന്‍ റിപ്പബ്ലിക് ഉഭയകക്ഷി ബന്ധം 25-ാം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ വൈസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും 1999 മെയ് നാലിനാണ് ഇന്ത്യ- ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് നയതന്ത്ര ബന്ധം ആരംഭിച്ചതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ മേഖലകളിലെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ 2023 ഏപ്രിലില്‍ നടത്തിയ ഡൊമിനിക്കന്‍ റിപ്പബ്ലിക് സന്ദര്‍ശനത്തിന് പിന്നാലെയാണ് റക്വേല്‍ റോഡ്രിഗസിന്റെ ഇന്ത്യാ സന്ദര്‍ശനമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി താരതമ്യേന കുറവാണെങ്കിലും അത് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. ഒരുമിച്ച് പ്രവര്‍ത്തിക്കാനും കൂടുതല്‍ പുതിയ സംരംഭങ്ങള്‍ വികസിപ്പിക്കുവാനും ഇരു രാജ്യങ്ങളും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.