ന്യൂഡൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും ചേർന്ന് വികസിപ്പിച്ച മലേറിയ വാക്സിൻ ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ ശുപാർശ. സുരക്ഷ, ഗുണമേന്മ, ഫലപ്രാപ്തി മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നതായി ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ വ്യക്തമായതൊടെയാണ് അനുമതി ലഭിച്ചത്.
ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര ഉപദേശക സമിതി, മലേറിയ പോളിസി അഡൈ്വസറി ഗ്രൂപ്പ് എന്നിവയുടെ കർശനമായ ശാസ്ത്രീയ അവലോകനത്തിന് ശേഷം, R21/Matrix-M മലേറിയ വാക്‌സിൻ ഉപയോഗിക്കാൻ ശുപാർശ ചെയ്തത്. 5 മാസം മുതൽ 36 മാസം വരെയുള്ള കുട്ടികളിലാണ് വാക്‌സിൻ ഉപയോഗിക്കുക
വികസ്വര രാജ്യങ്ങളുടെ ക്ലിനിക്കൽ ട്രയൽസ് പാർട്ണർഷിപ്പ് (‘EDCTP’), വെൽകം ട്രസ്റ്റ്, യൂറോപ്യൻ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ പിന്തുണയോടെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമാണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. ഘാന, നൈജീരിയ, ബുർക്കിന ഫാസോ എന്നിവിടങ്ങളിലാകും ആദ്യഘട്ടത്തിൽ ഉപയോഗിക്കുക.
വാക്‌സിൻ ദശലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവൻ രക്ഷിക്കാനും മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഡബ്ല്യൂഎച്ച്ഒ
പ്രതീക്ഷ പ്രകടിപ്പിച്ചു. 4,800 കുട്ടികളിലാണ്
പ്രധാനമായും മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ നടത്തിയത്.
‘മലേറിയ വാക്‌സിൻ വികസിപ്പിക്കുന്നതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ വഹിച്ച പങ്കിനെക്കുറിച്ച് അഭിമാനമുണ്ട്. ഏറെക്കാലമായി, മലേറിയ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. R21/Matrix-M വാക്‌സിൻ ഈ രോഗത്തെ ചെറുക്കാനുള്ള നമ്മുടെ യാത്രയിലെ ഒരു വലിയ നാഴികക്കല്ലായി മാറും’ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അഡാർ പൂനവല്ല പറഞ്ഞു.
പ്രതിവർഷം 200 ദശലക്ഷം ഡോസ് നിർമ്മാണ ശേഷിയുള്ള പ്ലാന്റ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇതിനകം സ്ഥാപിച്ചിട്ടുണ്ട്.