ലഖ്നൗ: കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ നടത്തിയ ഭാരത് ജോഡോ റാലിക്കിടെ വീർ സവർക്കറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്തിനെതിരെ നൽകിയ പരാതിയിൽ മറുപടി നൽകാൻ ഉത്തർപ്രദേശിലെ ലഖ്നൗവിലെ സെഷൻസ് കോടതി കോൺഗ്രസ് നേതാവ് രാഹുലിനോട് ആവശ്യപ്പെട്ടു.
അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജിയിലാണ് സെഷൻസ് ജഡ്ജി അശ്വിനി കുമാർ ത്രിപാഠി നോട്ടീസ് അയച്ചത്.
വീർ സവർക്കറിനെതിരെ രാഹുൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷയുമായി പാണ്ഡെ ആദ്യം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ (എസിജെഎം) സമീപിച്ചിരുന്നു.
കഴിഞ്ഞ വർഷം നവംബർ 17 ന് രാഹുൽ നടത്തിയ പരാമർശങ്ങൾ ആണ് പരാതിക്ക് ആസ്പദമായത്. സമൂഹത്തിൽ വിദ്വേഷം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം പരാമർശങ്ങൾ നടത്തിയതെന്നു പാണ്ഡെ പരാതിയിൽ പറഞ്ഞു.