സിനിമയിലേക്ക് ചുവടുവെച്ച കാലത്ത് തന്നെ മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പവും നായികയായി തിളങ്ങിയ നടിയാണ് നദിയ മൊയ്തു. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷകർക്കിടയിൽ നല്ലൊരു സ്വീകാര്യതയും നടിക്ക് ലഭിച്ചിരുന്നു. സിനിമയിൽ ചുവടുറപ്പിച്ച സമയത്ത് തന്നെ വിവിധ ഭാഷകളിൽ നദിയ നിറഞ്ഞു നിന്നു. വിവാഹത്തിന് ശേഷമാണ് താരം തന്റെ കരിയറിൽ ഒരു ഇടവേള എടുത്തത്.
നീണ്ട ഇടവേളയ്‌ക്ക് ശേഷം ‘എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു നദിയ തിരിച്ചു വന്നത്. എന്നാൽ, അതിന് ശേഷം കിട്ടിയതെല്ലാം അമ്മ വേഷങ്ങളുമായിരുന്നു. ഒരു പോലുള്ള കഥാപാത്രങ്ങൾ ചെയ്ത് മടുപ്പ് തോന്നിയെന്നും ഭീഷ്മപർവ്വത്തിലും തമിഴില്‍ ചെയ്ത ‘ലെറ്റ്‌സ് ഗെറ്റ് മാരീഡിലുമാണ് മനസ്സിൽ തട്ടി അഭിനയിച്ചത് എന്നും നടി പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു നാദിയ ഇക്കാര്യങ്ങൾ പറഞ്ഞത്.
എം കുമരകൻ സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് ചിത്രത്തിന് ശേഷം കിട്ടിയതെല്ലാം അമ്മ വേഷങ്ങളായിരുന്നു. ഒരുപോലെയുള്ള കഥാപാത്രങ്ങള്‍ വരുമ്പോള്‍ മടുപ്പ് തോന്നിയിരുന്നു. ഈയിടെ തമിഴില്‍ ചെയ്ത ‘ലെറ്റ്‌സ് ഗെറ്റ് മാരീഡും’ മലയാളത്തില്‍ കാലങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയോടൊപ്പം വീണ്ടും ഒന്നിച്ച ഭീഷ്മ പര്‍വ്വവും അടുത്ത കാലത്ത് മനസ്സില്‍ തട്ടി അഭിനയിച്ച കഥാപാത്രങ്ങളാണ്.
അഞ്ജലി മേനോന്‍ ഒരുക്കിയ വണ്ടര്‍ വിമനില്‍ അഭിനയിച്ചപ്പോഴാണ് ഒരു സിനിമ സെറ്റില്‍ ഒരുപാട് പെണ്ണുങ്ങളെ ആദ്യമായി കാണുന്നത്. അത് എനിക്ക് പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്.
എനിക്ക് ഞാന്‍ തന്നെ ചില ചട്ടങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതില്‍ നിന്ന് മാറില്ല. സിനിമയില്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ഞാന്‍ അത് ശ്രദ്ധിക്കാറുണ്ട്. എന്റെ ആത്മവിശ്വാസവും ധൈര്യവും എന്റെ പപ്പ നല്‍കിയതാണ്. അഭിപ്രായങ്ങളും നിലപാടുകളും ഉറക്കെ പറയാനാണ് പപ്പ പഠിപ്പിച്ചത്. ഞാന്‍ ഒരു ആണിനെ പോലെയാണ് ചിന്തിച്ചത്. ഞാന്‍ മക്കളോട് എപ്പോഴും പറയാറുണ്ട് ജോലി സ്ഥലത്ത് ശമ്പളം കൂട്ടി ചോദിക്കാന്‍ മടിക്കരുതെന്ന്. പുരുഷന്‍മാര്‍ ഇരട്ടി ശമ്പളം ചോദിക്കും. പെണ്ണുങ്ങള്‍ക്ക് ചോദിക്കാനും മടി, കിട്ടുന്നതും കുറവ്. ആ രീതിയാണ് മാറേണ്ടത്.’ നാദിയ പറഞ്ഞു.