ഇസ്ലാമാബാദ് : അജ്ഞാതരുടെ വിളയാട്ടം തുടരുമ്പോൾ ഭീകരരുടെ സുരക്ഷ വർദ്ധിപ്പിച്ച് പാകിസ്താൻ . അജ്ഞാത തോക്കുധാരികൾ നടത്തുന്ന കൃത്യങ്ങൾ പാകിസ്താന്റെ ചാരസംഘടനയായ ഐ എസ് ഐയേയും , ഭീകരസംഘടനകളെയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് .
നടന്ന കൊലപാതകങ്ങളിൽ സാമ്യം ഉള്ളതിനാൽ ഇന്ത്യ തേടുന്ന കൊടും ഭീകരന്മാരെ “സുരക്ഷിത ഇടങ്ങളിലേയ്ക്ക്” മാറ്റി പാർപ്പിക്കുകയാണ് ഐ എസ് ഐ . സെപ്റ്റംബറിൽ റാവൽകോട്ടിൽ അബു ഖാസിം കശ്മീരി, നസിമാബാദിലെ ഖാരി ഖുറം ഷെഹ്‌സാദ് എന്നീ രണ്ട് ലഷക്ർ ഭീകരർ കൊല്ലപ്പെട്ടതിന് പിന്നാലെ തന്നെ ഈ മുൻകരുതൽ കൂടുതൽ ആവശ്യമാണെന്ന് ഐ എസ് ഐ നിർദേശം നൽകിയിരുന്നതായും പാക് മാദ്ധ്യമങ്ങൾ പറയുന്നു.
കറാച്ചിയിലെ ഗുലിസ്ഥാൻ-ഇ-ജൗഹറിലെ പാർക്കിൽ വെച്ചാണ് ലഷ്കർ ഭീകരൻ മൗലാന സിയാവുർ റഹ്മാൻ കൊല്ലപ്പെട്ടത് .ലോക്കൽ പോലീസ് 11 വെടിയുണ്ടകൾ ഇയാളുടെ ശരീരത്തിൽ കണ്ടെത്തിയിരുന്നു, അവയിൽ ചിലത് 9 എംഎം കാലിബറിലുള്ളവയാണ്. പാകിസ്താൻ പോലീസ് അവരുടെ പത്രക്കുറിപ്പിൽ ഈ കൊലപാതകത്തെ ‘ഭീകരാക്രമണം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് .
ഈ കൊലപാതക പരമ്പരകൾ പാകിസ്താന്റെ നിയമ നിർവ്വഹണ ഏജൻസികളെയും ഐഎസ്‌ഐയെയും ഏറെ വലയ്‌ക്കുന്നുണ്ട് . കഴിഞ്ഞ ആഴ്ച, ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദും സമാനമായ രീതിയിൽ കാണാതായിരുന്നു, പിന്നീട് ഇയാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . ഹാഫീസ് സയീദിന്റെ വലം കൈ ഖൈസര്‍ ഫാറൂഖിനെയും കഴിഞ്ഞ ദിവസം അജ്ഞാതർ കൊലപ്പെടുത്തിയിരുന്നു .
അടുപ്പിച്ച് നടന്ന ഈ ആക്രമണങ്ങൾക്ക് പിന്നിലുള്ള അജ്ഞാതനെ തേടിയുള്ള തെരച്ചിലിലാണ് ഐ എസ് ഐ . ഒരു തെളിവും ഇല്ലാതെ തന്നെ അവർ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോ യെ കുറ്റപ്പെടുത്തുന്നുമുണ്ട് . അജ്ഞാതരാൽ കൊല്ലപ്പെട്ടവർ പാകിസ്താനിലെ മതപുരോഹിതരാണെന്നും , ഇവരുടെ കൊലപാതകങ്ങൾ ഇന്ത്യൻ സോഷ്യൽ മീഡിയ ആഘോഷരാവാക്കി മാറ്റിയെന്നും പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു . ഇന്ത്യ അറിയാതെ ഇത്തരം കൃത്യങ്ങൾ നടക്കില്ലെന്നാണ് ഐ എസ് ഐ അടക്കം ആരോപിക്കുന്നത്.