തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് കോളേജുകളിൽ സൗകര്യപ്രദവും മാന്യമായതുമായ ഏത് വസ്ത്രവും ധരിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്. നേരത്തെ വസ്ത്രധാരണത്തിന്റെ പേരിൽ പ്രിൻസിപ്പൽ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ പരാതി നൽകിയിരുന്നു. കൂടാതെ തിരുവനന്തപുരം സർക്കാർ ട്രെയിനിംഗ് കോളേജിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും പരാതികൾ ഉയർന്നിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ബി. എഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് അവരുടെ അദ്ധ്യാപക പരിശീലന കാലത്ത് മാന്യവും സൗകര്യപ്രദവുമായ ഏത് വസ്ത്രവും ധരിക്കാമെന്നാണ് ഉത്തരവ്.















