മാറി വരുന്ന ഭക്ഷണ രീതിയിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നമ്മിൽ പലരും. ഇതിൽ വലിയൊരു പ്രശ്നകാരനാണ് പ്രമേഹം. ഈ രോഗം ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് അടുത്ത കാലങ്ങളിലായി രേഖപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 422 ദശലക്ഷം ആളുകൾക്ക് പ്രമേഹം ബാധിക്കുന്നുണ്ട്. ഇതിൽ 1.5 ദശലക്ഷം ആളുകൾ ഓരോ വർഷവും മരണപ്പെടുകയും ചെയ്യുന്നു. 20 മുതൽ 79 വയസുവരെയുള്ളവരിൽ പ്രമേഹം വളരെയധികം വർദ്ധിക്കുന്നതായിയാണ് പഠനങ്ങൾ പറയുന്നത്.
പ്രമേഹം നിയന്ത്രിച്ചു നിർത്തുന്നതിൽ ചായ വളരെയധികം ഫലപ്രദമായ പാനീയമാണ്. എന്നാൽ ഇത് അമിതമായാലും ദോഷങ്ങളേറെയുണ്ട്. മിതമായ അളവിൽ പഞ്ചസാരയുടെ അളവു കുറച്ച് കട്ടൻ ചായ കുടിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹ സാദ്ധ്യതകൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ പഠനങ്ങൾ പറയുന്നു. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡ് യൂണിവേഴ്സിറ്റിയും, ചൈനയിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ടൈപ്പ് 2 പ്രമേഹമുള്ളവർ കട്ടൻ ചായ കുടിക്കുന്നത് ശരീരത്തിനു നല്ലതാണന്നാണ് പഠനങ്ങളിൽ പറയുന്നത്. ഇത് 47% അപകട സാദ്ധ്യത കുറയ്ക്കുന്നതായി പരീക്ഷണങ്ങളിൽ നിന്നും കണ്ടെത്തി. 1,923 പേർ പങ്കെടുത്ത പരീക്ഷണത്തിൽ 436 പേർക്ക് പ്രമേഹം ഉണ്ടായിരുന്നു. ഇവരിൽ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. കട്ടൻ ചായ നിയന്ത്രിത അളവിൽ കുടിക്കുന്നത് നല്ലതാണെങ്കിലും ഇത് അമിതാമാകാതെ ശ്രദ്ധിക്കണമെന്നും പഠനങ്ങളിൽ പറയുന്നുണ്ട്.