ടെൽ അവീവ്: ഇസ്രായേൽ അതിർത്തി പ്രദേശങ്ങളിലേക്ക് ഗാസയിൽ നിന്നും ഹമാസ് ഭീകരർ റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ച് ഇസ്രായേൽ. ഗാസയിലെ ഒന്നിലധികം മേഖലകളിൽ നിന്ന് രാവിലെ ആറരയോടെയായിരുന്നു റോക്കറ്റുകൾ വിക്ഷേപിച്ചത്. ഇതിന് പിന്നാലെ ഇസ്രായേൽ ഭരണകൂടം സ്റ്റേറ്റ് ഓഫ് വാർ പ്രഖ്യാപിക്കുകയായിരുന്നു.
പൊതുജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും തൊട്ടടുത്തുള്ള ബോംബ് ഷെൽട്ടറുകളിൽ അഭയം പ്രാപിക്കണമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകി. അപായ സൈറണുകൾ സൈന്യം മുഴക്കിയിട്ടുണ്ട്. ഗാസയിൽ നിന്ന് നിരവധി ഹമാസ് ഭീകരർ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.
ഗാസയുടെ റോക്കറ്റ് ആക്രമണത്തെ തുടർന്ന് മദ്ധ്യ ഇസ്രായേലിലെ കെട്ടിടം തകർന്നിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധിക കൊല്ലപ്പെട്ടതായാണ് വിവരം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ട്. 20-കാരനായ യുവാവിന് ആക്രമണത്തിൽ പരിക്കേറ്റു. ഗാസയുടെ നടപടിക്ക് പിന്നാലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സുരക്ഷാമേധാവികളുമായി യോഗം ചേർന്നിരുന്നു.
ശനിയാഴ്ച പുലർച്ചെ ഓപ്പറേഷൻ ‘അൽ-അഖ്സ സ്റ്റോം’ എന്ന പേരിലാണ് ഹമാസ് ഭീകരർ ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഗാസയിൽ നിന്നും അയ്യായിരത്തിലധികം റോക്കറ്റുകൾ തൊടുത്തുവിട്ടതായി ഹമാസ് മേധാവി മുഹമ്മദ് ഡീഫ് പരസ്യ പ്രസ്താവന നടത്തിയിരുന്നു.