രജനികാന്തിനെ സന്ദർശിച്ച് നടൻ ജയസൂര്യ. ഓർമവെച്ച നാൾ മുതലുള്ള തന്റെ ആഗ്രഹമാണ് ഇപ്പോൾ പൂർത്തീകരിച്ചതെന്നും നടൻ പറഞ്ഞു. സമൂഹമാദ്ധ്യങ്ങളിലൂടെ രജനികാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ജയസൂര്യ സന്തോഷം അറിയിച്ചത്. തിരുവനന്തപുരത്തെ ഹോട്ടലിൽ എത്തിയായിരുന്നു സന്ദർശിച്ചത്.
‘ഓര്‍മവെച്ച കാലം മുതല്‍ ഈ നിമിഷത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. ഇന്ന് ഞാന്‍ ഒരു ഐക്കണിനെ ഒരു സൂപ്പര്‍ താരത്തെ എല്ലാത്തിലുമുപരി ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനെ കണ്ടു. ഈ സ്വപ്നം യാഥാര്‍ഥ്യമാക്കിയതിന് പ്രിയ സഹോദരന്‍ ഋഷഭ് ഷെട്ടിക്കും സര്‍വശക്തനും ഞാന്‍ നന്ദി പറയുന്നു’. ചിത്രങ്ങൾ പങ്കുവെച്ച്കൊണ്ട് ജയസൂര്യ കുറിച്ചു.

കറുത്ത കുര്‍ത്തയും മുണ്ടും ആയിരുന്നു രജനികാന്തിന്റെ വേഷം. കറുത്ത ഷര്‍ട്ടും മുണ്ടും അണിഞ്ഞാണ് ജയസൂര്യ എത്തിയത്. സിനിമ ഉൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

ലൈക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന തലൈവര്‍ 170 സിനിമയുടെ ചിത്രീകരണത്തിനായാണ് രജനികാന്ത് കേരളത്തിലെത്തിയത്. വെള്ളായണി കാര്‍ഷിക കോളേജ്, ശംഖുമുഖം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലും മഞ്ജുവാര്യരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത്















