ചായ ഒരു വികാരമാണ് പലർക്കും. സ്ഥിരമായി ചായ കുടിക്കുന്നവർക്ക് നേരത്തിനും കാലത്തിനും ചായ കുടിച്ചില്ലെങ്കിൽ തലവേദന അനുഭവപ്പെടാറുണ്ടെന്ന് പലരും പറയാറുണ്ട്. എന്നാൽ ബംഗ്ലാദേശിലെ ധാക്കയിൽ നിന്നുള്ള കുക്ക് സുൽത്താന ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ കണ്ടാൽ ചായ പ്രേമികൾ പോലും ചായ സ്ഥിരമായി നിർത്തേണ്ട ഒരവസ്ഥയാണ് ഉണ്ടാവുക. ഇതിനുമാത്രം എന്തു ചായയാണ് അതെന്നല്ലേ? പറയാം…
വീഡിയോയുടെ തുടക്കത്തിൽ പാത്രം ചൂടാക്കി അതിലേക്ക് തേയിലയും പഞ്ചസാരയും ഇട്ടുകൊടുത്ത് നന്നായി വറുത്തെടുക്കുകയാണ്. അതിനുശേഷം ഒരു ആപ്പിൾ അരിഞ്ഞെടുത്ത് തേയിലയുടെയും പഞ്ചസാരയുടെയും കൂടെയിട്ട് നന്നായി ഇളക്കുന്നു. ശേഷം പാലും പാൽപ്പൊടിയും ഇതിലേക്ക് ഒഴിക്കുകയാണ്. ചായ തിളച്ചു വരുമ്പോൾ ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ഇളക്കുന്നു. ഇനിയിത് ഒരു കപ്പിലേക്ക് ഒഴിച്ച് നിങ്ങൾക്ക് കുടിക്കാവുന്നതാണ്. കേട്ടാലും കണ്ടാലും അറപ്പുളവാക്കുന്ന ഈ ചായയും ചായ പ്രേമികൾക്ക് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. വളരെ സ്വാദിഷ്ടമായ ചായയാണെന്നാണ് ഇതുണ്ടാക്കിയ കുക്കിന്റെ അഭിപ്രായം. നിമിഷ നേരങ്ങൾക്കകം മില്ല്യൺ കാഴ്ചക്കാരെയാണ് വീഡിയോയ്‌ക്ക് നേടാൻ സാധിച്ചത്.















