ഭാഗ്യം അത് പല വഴിക്കാണ് നമ്മെ തേടി വരിക. ചിലപ്പോൾ അത് ഒരു ജീവൻ തന്നെ രക്ഷിച്ചേക്കാം. തലനാരിഴ വ്യത്യാസത്തിൽ പാമ്പിന്റെ കടിയിൽ നിന്നും രക്ഷപ്പെട്ട ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.തൃശൂർ സ്വദേശി സോജനാണ് ഭാഗ്യംകൊണ്ട് മൂർഖൻ പാമ്പിന്റെ കടിയിൽ നിന്നും രക്ഷപ്പെട്ടത്.
യാത്ര പോവാനായി തന്റെ ഹെൽമെറ്റ് എടുത്ത് തലയിൽ വെക്കാനൊരങ്ങുമ്പോഴാണ് അതിൽ നിന്നും ചെറിയൊരനക്കം സോജന്റെ ശ്രദ്ധയിൽപെടുന്നത്. ഹെൽമെറ്റ് പരിശോധിച്ച ഇയാൾ അതിൽ പാമ്പിനെ കാണുകയായിരുന്നു. ഉടനെ വനംവകുപ്പിൽ വിവരം അറിയിക്കുകയും തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ ഹെൽമറ്റിന്റെയുള്ളിൽ നിന്നും പുറത്തെടുക്കുകയും ചെയ്തു. 2 മാസത്തോളം പ്രായമുള്ള ഒരു മൂർഖൻ കുഞ്ഞായിരുന്നു അതിലുണ്ടായിരുന്നത്. 8 അടി നീളമുള്ള എട്ടടി മൂർഖനല്ലെങ്കിലും അവന്റെയൊരു കടി മതിയായിരുന്നു ജീവൻ ആപത്തിലാകാൻ. വലിയ പാമ്പുകളുടെ കടിയെക്കാൾ അപകടകരമാണ് ചെറിയ മൂർഖൻ പാമ്പുകളുടെ കടിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.