പലസ്തീൻ ഭീകര സംഘടനയായ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിന് ഉറച്ച സൈനിക പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കയുടെ യുദ്ധവിമാനങ്ങളും കപ്പലുകളും എത്രയും വേഗം ഇസ്രായേലിലേക്ക് എത്തണമെന്ന് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. യുദ്ധം രൂക്ഷമായ മേഖലകളിലേക്ക് പോർവിമാനങ്ങളും കിഴക്കൻ മെഡിറ്ററേനിയനിലേക്ക് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡും മറ്റും യുദ്ധക്കപ്പലുകളും എത്രയും വേഗം അയക്കുമെന്ന് പെന്റഗൺ അറിയിച്ചു.
ഇസ്രായേലിന് ആയുധങ്ങൾ വിതരണം ചെയ്യുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. യുദ്ധപ്രഖ്യാപനമുണ്ടായി ആദ്യ മണിക്കൂറുകളിൽ തന്നെ ഇസ്രായേലിന് അമേരിക്ക തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രായേലിന്റെ പ്രതിരോധ സേനയ്‌ക്ക് വേണ്ടിയുള്ള അധികസഹായം അവിടേക്ക് പോവുകയാണെന്നും വരും ദിവസങ്ങളിലും എല്ലാ രീതിയിലുമുള്ള പിന്തുണ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയിൽ അറിയിച്ചു.
ഹമാസിന് നിലവിലെ സാഹചര്യം മുതലെടുക്കാൻ കഴിയുമെന്നോ അവർക്ക് പ്രയോജനം നേടാൻ കഴിയുമെന്നോ വിശ്വസിക്കുന്നില്ല. നിരവധി അമേരിക്കൻ പൗരന്മാരും ഹമാസ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിൽ ഇസ്രായേലിലെ സർക്കാരിനും ജനങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും ജോ ബൈഡൻ അറിയിച്ചു. നിലവിൽ ഇരു ഭാഗത്തുമായി 1200ലധികം ആളുകൾ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഹമാസിന്റെ ആക്രമണത്തെ നേരിടാൻ ഇസ്രായേലിന് ആവശ്യമായതെല്ലാം നൽകാൻ ജോ ബൈഡൻ ഉത്തരവിട്ടതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വ്യക്തമാക്കിയിരുന്നു.