എറണാകുളം: സിനിമകളുടെ റിലീസ് ദിനത്തിൽ തിയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും. ‘ആരോമലിന്റെ ആദ്യ പ്രണയം’എന്ന സിനിമയുടെ സംവിധായകൻ മുബീൻ നൗഫൽ നൽകിയ ഹർജിയാണ് പരിഗണിയ്ക്കുന്നത്.
സിനിമ കാണുക പോലും ചെയ്യാതെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നെഗറ്റീവ് റിവ്യൂകൾ പ്രചരിപ്പിക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംവിധായകൻ ഹർജി നൽകിയത്. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടിയിട്ടുണ്ട്.
സിനിമ എന്നത് സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരുമടങ്ങുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നവും വർഷങ്ങളുടെ അദ്ധ്വാനവുമാണെന്നും മുബീൻ കോടതിയെ അറിയിച്ചു. വിഷയത്തിൽ അഡ്വ. ശ്യാം പത്മനെയാണ് ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്.