മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയെ ഡീ ഗ്രേഡ് ചെയ്യാന്‍ ചിലര്‍ ഒരു റൂം തന്നെ എടുത്തിരുന്നെന്ന് സിനിമയുടെ സഹ നിർമാതാവായ സന്തോഷ് ടി കുരുവിള. താന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ചെന്നാണ് അവരെ പോലീസിനെ കൊണ്ട് പിടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
‘ഭയങ്കരമായി ഡീഗ്രേഡിംഗ് നേരിട്ട ഒരു സിനിമയാണ് മരക്കാർ. ഞങ്ങൾ തന്ന പല പോലീസ് സ്റ്റേഷനിലും പരാതി നൽകിയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ ഒരു വീട്ടില്‍ റൂം സെറ്റ് ചെയ്ത് സിനിമയ്‌ക്കെതിരെ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നു. അവരെ നമ്മൾ പോലീസിനെ കൊണ്ട് റെയ്ഡ് ചെയ്യിപ്പിച്ചു. ഒരു ഓഫീസ് റൂം സെറ്റ് ചെയ്തിട്ടാണ് ഇത് ചെയ്യുന്നത്. അവിടെ പോലീസുകാർക്കൊപ്പം ഞാനും പോയിട്ടുണ്ട്.
ഇത്തരത്തിൽ സിനിമയെ തകർക്കുന്നത് ഒട്ടും ശരിയായ കാര്യമല്ല. ഇത് കൊണ്ട് ജീവിക്കുന്ന ഒത്തിരി ആളുകളാണുള്ളത്. കാഴ്ചക്കാരായി ഇരിക്കുന്നവർക്ക് എന്തും പറയാം. സിനിമയുടെ റിവ്യൂ പോലും ആദ്യത്തെ മൂന്ന് ദിവസം ഇടരുതെന്നാണ് എന്റെ അഭിപ്രായം.
ഇതുകൊണ്ട് ജീവിക്കുന്നവരുമുണ്ട്. ഇപ്പോൾ എന്ത് കാര്യവും നമ്മൾ ഗൂഗിളിൽ നോക്കിയാണ് തീരുമാനിക്കുന്നത്. കാലഘട്ടം അതാണ്.
ഏറ്റവും നല്ല ഹോട്ടല്‍ ഏതാണെന്ന് ഗൂഗിള്‍ റിവ്യൂ നോക്കും. ബുക്ക് മൈ ഷോയില്‍ വരുന്ന റേറ്റിങ് എല്ലാം സിനിമയെ ബാധിക്കാറുണ്ട്. കാശ് മുടക്കിയവന്റെ ബുദ്ധിമുട്ട് നമ്മള്‍ വിചാരിക്കുന്നതിനും അപ്പുറത്താണ്.
എത്രയോ പ്രതീക്ഷയില്‍ കൊണ്ടുവരുന്ന പണം നഷ്ടപ്പെടുകയാണ്. റിവ്യൂ കൊണ്ട് വിജയിക്കുന്ന ചിത്രങ്ങളും ഉണ്ട്. പക്ഷേ ഒരു മൂന്ന് ദിവസമെങ്കിലും കാത്താല്‍ പണം മുടക്കിയവന് എന്തെങ്കിലും കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെ.’- സന്തോഷ് ടി കുരുവിള പറഞ്ഞു.















