വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യപ്പൊടികൾ കഴിവതും വീട്ടിൽ തന്നെ പൊടിക്കുന്നതാണ് നല്ലതെന്ന ഫുഡ് സേഫ്റ്റി കേരളയുടെ ഔദ്യോഗിക പേജിലെ പോസ്റ്റ് ചർച്ചയാകുന്നു. ‘വാങ്ങി, കഴുകി, ഉണക്കി, പൊടിക്കാം’ എന്നെഴുതിയ ചിത്രത്തോടെയാണ് ഫുഡ് സേഫ്റ്റി പോസ്റ്റിട്ടിരിക്കുന്നത്. മുളക്, മല്ലി, മഞ്ഞൾ, അരി, ഗോതമ്പ് തുടങ്ങിയവ കഴിവതും ഒരുമിച്ച് വാങ്ങി വൃത്തിയാക്കി ഉണക്കി പൊടിച്ച് ഈർപ്പം തട്ടാതെ അടച്ച് സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലതെന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്.
പോസ്റ്റിന് താഴെ ട്രോൾ മഴയാണ് പെയ്തിറങ്ങുന്നത്. ഇതിനൊന്നും സമയവും സൗകര്യവും ഇല്ലാത്തവർക്ക് വാങ്ങാനുള്ളതാണല്ലോ പാക്കറ്റിൽ വരുന്നവയെന്നും മുത്തശിമാരുടെ ഉപദേശം പോലെയുണ്ട് ഇതെന്നുമൊക്കെയാണ് കമന്റുകൾ. ഇതിന്റെ ഗുണമേന്മ പരിശോധിക്കാനും നിയന്ത്രിക്കാനും സംവിധാനം നിലവിലുണ്ടോയെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. എഫ്എസ്എസ്എഐ നമ്പരും മുദ്രയും ഗുണനിലവാരം ഉറപ്പ് വരുത്താൻ പര്യാപ്തമല്ലെന്നല്ലേ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചതെന്നാണ് മറ്റൊരു ഉപയോക്താവ് എഴുതിയത്.
ഭക്ഷ്യോത്പന്നങ്ങളുടെ സുരക്ഷിതത്വം വിലയിരുത്തേണ്ട അധികൃതർ തന്നെ ഇത്തരത്തിലുള്ള പോസ്റ്റ് ഇട്ടത് വിപണിയിൽ മായം ചേർത്ത വസ്തുക്കൾ സുലഭമാണെന്ന് സമ്മതിക്കുന്നതാണ്. വകുപ്പിന്റെ പരാജയമാണ് പുറത്തുവന്നതെന്നാണ് ആളുകളുടെ പ്രതികരണം. പോസ്റ്റിട്ടതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ക്യാമ്പെയ്ൻ വീഡിയോയും പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നത് തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.