ആഗോള ആഡംബര കാർ ബ്രാൻഡായ വോൾവോയുടെ പ്രധാന വിപണികളിൽ ഒന്നാണ് ഇന്ത്യ. ആറ് മോഡലുകളാണ് ഇതുവരെ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും ജനപ്രിയ മോഡലാണ് വോൾവോ സി40 റീചാർജ്. ഇപ്പോൾ ഈ മോഡലിന്റെ വില വർദ്ധിപ്പിച്ചു എന്ന വാർത്തയാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.
61.25 ലക്ഷം രൂപക്ക് വിപണിയിലെത്തിയ വാഹനത്തിന്റെ ഇപ്പോഴത്തെ വില 62.95 ലക്ഷം രൂപയാണ്. വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ 1.7 ലക്ഷം രൂപയുടെ മാറ്റമാണ് ഇപ്പോഴുള്ളത്.
ഒറ്റ ചാർജിൽ 530 കിലോമീറ്റർ റേഞ്ച് ഉള്ള കാറിന്റെ ബാറ്ററി 78 kwh ലിഥിയം-അയേൺ ബാറ്ററി പാക്കാണ്. ക്രിസ്റ്റൽ വൈറ്റ്, ബ്ലൂ സ്റ്റോൺ, തണ്ടർ ഗ്രേ എന്നിങ്ങനെ എട്ട് നിറങ്ങളിൽ ലഭിക്കുന്ന കാറിന് രണ്ട് തരം ചാർജിംഗ് രീതിയാണുള്ളത്. 150kw DC ചാർജർകൊണ്ട് 27 മിനിറ്റ് കൊണ്ട് 80 ശതമാനം വരെ ചാർജ് ചെയ്യുമ്പോൾ 11kw ചാർജർ കൊണ്ട് 8 മണിക്കൂർ കൊണ്ട് പൂർണ്ണമായും കാർ ചാർജ് ചെയ്യാനാവും.
408hp പവറോട് കൂടിയ രണ്ട് ഇലക്ട്രിക് മോട്ടറുകൾ ആണ് ഇതിനുള്ളത്. വെറും 4.7 സെക്കന്റ് കൊണ്ട് 0-100kmph വേഗത കൈവരിക്കാൻ കഴിയുന്ന ഈ കാറിന് മണിക്കൂറിൽ 180 കിലോമീറ്റർ ആണ് കൈവരിക്കാൻ കഴിയുന്ന ഉയർന്ന വേഗത. ഇന്ത്യയിൽ AWD ഡ്രൈവ്ട്രെയിൻ ഉള്ള ഇവി, ആഗോളതലത്തിൽ RWD,AWD എന്നിങ്ങനെയുള്ള രണ്ട് ഓപ്ഷനുകളിലും ലഭ്യമാണ്. 4440 എംഎം നീളം, 1910 എംഎം വീതി, 1591എംഎം ഉയരവുമുള്ള വോൾവോ റീച്ചാർജ് 2023 ജൂണിലാണ് ഇന്ത്യൻ വിപണിൽ എത്തിയത്.