കോട്ടയം: എരുമേലിയിൽ വനിതാ എസ്ഐയ്ക്ക് പ്രതിയുടെ മർദ്ദനം. അറസ്റ്റ് വാറണ്ട് നടപ്പാക്കാൻ എത്തിയ എരുമേലി എസ്ഐ ശാന്തി കെ ബാബുവിനാണ് പ്രതിയുടെ മർദ്ദനമേറ്റത്. എസ്ഐയെ അസഭ്യം പറയുകയും പിന്നീട് മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിക്കുകയുമായിരുന്നു. എരുമേലി സ്വദേശി വിജി ശ്രീധരനാണ് ആക്രമണം നടത്തിയത്. അയൽവാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാൾ.
തർക്കിച്ചു നിന്ന ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചപ്പോൾ വീടിനുള്ളിൽ കയറി കതകടച്ചെന്നും പോലീസ് പറയുന്നു. തുടർന്ന് പോലീസുകാർ ബലപ്രയോഗം നടത്തി കീഴ്പ്പെടുത്തുന്നതിനിടെയാണ് ഇയാൾ എസ്ഐയുടെ മുടിക്കുത്തിൽ പിടിച്ച് പുറത്തിടിച്ചത്. തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ ബലമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.