തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും യുവതിക്ക് നേരെ ലൈംഗികാതിക്രമം. പഴവങ്ങാടി ഭാഗത്ത് വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പൂന്തുറ സ്വദേശി 27-കാരൻ ടോണിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ അട്ടക്കുളങ്ങരയിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങിപ്പോകുകയായിരുന്ന യുവതിയെ ഇയാൾ പിൻതുടർന്നെത്തി കടന്നു പിടിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ച് നടന്നു വന്നയാളായിരുന്നു യുവതിയെ ആക്രമിച്ചത്. തുടർന്ന് യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
തുടക്കത്തിൽ കിഴക്കേ കോട്ടയിലും പരിസര പ്രദേശങ്ങളിലുമുള്ള സിസിടിവികൾ പരിശോധിച്ചതിൽ നിന്നും ലഭിച്ച അവ്യക്തമായ രൂപം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇരുട്ടും പ്രതി ഹെൽമെറ്റ് ധരിച്ചിരുന്നതും അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരുന്നു. മറ്റു സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഇയാൾ വന്ന വാഹനത്തെ കുറിച്ചുള്ള വിവരം ലഭിച്ചു. സംഭവ ദിവസം വാഹനത്തിന്റെ സഞ്ചാരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൂന്തുറ ഭാഗത്തേക്ക് അന്വേഷണ സംഘം എത്തുകയും ചെയ്തു. തുടർന്നാണ് ടോണിയാണ് എന്ന് തിരിച്ചറിഞ്ഞത്.