മലയാളിക്ക് ഒഴിച്ചുകൂടാനാകത്ത ഒന്നാണ് കറിവേപ്പില. എല്ലാ കറികളിലെയും സ്ഥിരം സാന്നിധ്യം. രുചിയുടെ പ്രഭവ കേന്ദ്രം. എന്നാൽ കറിവേപ്പില ചായയെ കുറിച്ച് കേട്ടിട്ടുണ്ടോ?
അതെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധാലുവാണെങ്കിൽ കറിവേപ്പില ചായ കുടിക്കാൻ മറക്കരുത്. ആയുർവേദ ചികിത്സാവിധികൾ പ്രകാരം ചെറുതും വലുതുമായ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയായി കറിവേപ്പില ഉപയോഗിച്ചുവരുന്നു. നമ്മുടെ നാട്ടിൽ പ്രചാരത്തിലിലെങ്കിലും ദക്ഷിണേന്ത്യയിൽ പ്രസിദ്ധിയാർജിച്ചതാണ് കറിവേപ്പില ചായ. കുറച്ച് കറിവേപ്പില മാത്രം വെച്ച് അടിപൊളി കറിവേപ്പില ചായ തയ്യാറാക്കാവുന്നതാണ്.
രുചികരമായ കറിവേപ്പില ചായ നൽകുന്ന ഗുണങ്ങൾ
1) ദഹനം മെച്ചപ്പെടുത്തുന്നു:– കറിവേപ്പിലയിൽ ദഹന എൻസൈമുകളും മൃദുവായ പോഷകഗുണങ്ങളും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ദഹനത്തെ മെച്ചപ്പെടുത്താൻ കറിവേപ്പില ചായയ്‌ക്ക് കഴിയും. മലബന്ധം അകറ്റാനും ഗ്യാസ്ട്രബിൾ പരിഹരിക്കാനും ഉത്തമമാണ് ഇത്.
2) രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു:- പ്രമേഹം അലട്ടുന്നവർക്ക് കണ്ണുമടച്ച് കറിവേപ്പില ചായ കുടിക്കാവുന്നതാണ്. ഈ ചായ ശീലമാക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്‌ക്കാൻ സഹായിക്കും.
ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ ടാങ് സെന്റർ ഫോർ ഹെർബൽ മെഡിസിൻ റിസർച്ചിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.
3) ഓക്കനം കുറയ്‌ക്കുന്നു:- ഗർഭിണികളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് ഓക്കാനം അല്ലെങ്കിൽ ഛർദ്ദി. ഇതിനുള്ള പരിഹാരമാണ് കറിവേപ്പില ചായ. യാത്രയ്‌ക്കിടയിൽ ഛർദ്ദിക്കുന്ന ശീലമുള്ളവരാണെങ്കിൽ അവർക്കും ഇത് അനുയോജ്യം. യാത്രയ്‌ക്ക് മുൻപോ യാത്രയ്‌ക്കിടയിലോ കറിവേപ്പില ചായ കുടിക്കാവുന്നതാണ്.
4) രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് കറിവേപ്പില. ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ കറിവേപ്പിലകളിൽ ഫിനോലിക്‌സുകളുടെയും ആന്റിഓക്സിഡന്റ് ഗുണങ്ങളുടെയും ഗണ്യമായ അളവ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കാൻ കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ സഹായിക്കും. കറിവേപ്പില ചായ കുടിക്കുന്നതിലൂടെ ചർമ്മ കോശങ്ങളിലെ ഫ്രീ റാഡിക്കലുകളെ പുറന്തള്ളാൻ സഹായിക്കും.
5) സമ്മർദ്ദം കുറയ്‌ക്കാൻ സഹായിക്കുന്നു:- കറിവേപ്പിലയക്ക് പ്രത്യേകമായൊരു ഗന്ധമുണ്ട്. ഈ ഗന്ധം ശരീരത്തിലെ ഞരമ്പുകൾക്ക് വിശ്രമം നൽകുന്നു. സമ്മർദ്ദം ഒഴിവാക്കാൻ അത്യുത്തമമാണ് കറിവേപ്പില ചായ. ജോലി സമയത്തോ മറ്റോ അമിതമായി ക്ഷീണം തോന്നുന്ന അവസ്ഥയിൽ ഈ ചായ കുടിച്ചാൽ പിന്നെ എല്ലാം റെഡിയായി. ക്ഷണനേരത്ത് ക്ഷീണവും സമ്മർദ്ദവും പമ്പ കടക്കും.
ഇത്രയധികം ഗുണങ്ങളുള്ള കറിവേപ്പില ചായ ഒന്ന് തയ്യാറാക്കി നോക്കാൻ തോന്നുന്നവർക്കായി, കറിവേപ്പില ചായ ഉണ്ടാക്കേണ്ടത് ഇങ്ങനെ..
25 മുതൽ 30 വരെ കറിവേപ്പിലകൾ ശുദ്ധജലത്തിൽ കഴുകുക. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക. നന്നായി തിളച്ചതിന് ശേഷം അടുപ്പത്തത്ത് നിന്നിറക്കി കറിവേപ്പിലകൾ തിളച്ച വെള്ളത്തിലേക്ക് ചേർക്കുക. വെള്ളത്തിന്റെ നിറം മാറുന്നത് വരെ ഇലകൾ വെള്ളത്തിൽ ഇട്ടുവെക്കണം. പിന്നാലെ ചായ അരിച്ചെടുത്ത് കപ്പിലേക്ക് പകർത്തി ഒഴിക്കുക. മധുരം വേണമെന്നുള്ളവർക്ക് തേൻ ചേർക്കാവുന്നതാണ്. ഒരു കപ്പ് കറിവേപ്പില ചായയ്‌ക്കൊപ്പമാകട്ടെ ഇനിയുള്ള ദിനങ്ങൾ.















