അടുത്തിടെയായി വ്യാജ വായ്പാ ആപ്പുകളുമായി ബന്ധപ്പെട്ടിട്ടുള്ള തട്ടിപ്പുകൾ നിരന്തരം പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റിലെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഗൂഗിൾ.
അടുത്തിടെ ഗൂഗിൾ ഫോർ ഇന്ത്യ 2023-ൽ ഇത് സംബന്ധിച്ച ചില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ഇതിൽ സുപ്രധാന നീക്കമായി പ്രഖ്യാപിച്ച ഒന്നാണ് ഡിജി കവച്. പൈലറ്റ് പ്രോജക്ട് ആയി ഇന്ത്യയിലാകും ഇത് ആദ്യം ആരംഭിക്കുക. ഇതിന് ശേഷമാകും മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
രാജ്യത്തെ വ്യാജ വായ്പാ ആപ്പുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് തടയിടുന്നതിന് വേണ്ടിയാണ് ഗൂഗിൾ ഡിജിറ്റൽ കവച് എന്ന സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. തട്ടിപ്പുകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് തടയിടുകയാണ് ലക്ഷ്യം. വ്യാജ വായ്പ ആപ്പുകൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി ഫിൻടെക് കമ്പനികളുടെ കൂട്ടായ്മയായ ദ ഫിൻടെക് അസോസിയേഷൻ ഫോർ കൺസ്യൂമർ എംപവർമെന്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വ്യാജ ആപ്പുകൾക്ക് തടയിടാൻ ഗൂഗിൾ നടപടികളൊന്നും തന്നെ സ്വീകരിക്കുന്നില്ലെന്ന വിമർശനങ്ങൾക്ക് പിന്നാലെയായിരുന്നു ഡിജിറ്റൽ കവച് പ്രഖ്യാപനം. എഐ സാദ്ധ്യതകൾ ഉൾപ്പെടെ ഇതിൽ പ്രയോജനപ്പെടുത്തും. തട്ടിപ്പ് നടത്തുന്നവരുടെ പ്രവർത്തന രീതികൾ ഏത് തരത്തിലാണെന്ന് നിരന്തരം ട്രാക്ക് ചെയ്യുകയും അവരെങ്ങനെ പ്രവർത്തിക്കുമെന്ന് പ്രവചിക്കുന്നതിന് വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് ടൂളുകൾ പ്രയോജനപ്പെടുത്തുകയും ചെയ്യും.















