പട്ന: ബിഹാറിലെ കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ 24-കാരന്റെ മൃതദേഹം കണ്ടെത്തി. കോൺഗ്രസ് എംഎൽഎ നീതു സിംഗിന്റെ കുടുംബ വീട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ബീഹാറിലെ നവാദ ജില്ലയിലാണ് സംഭവം. എംഎൽഎയുടെ അകന്ന ബന്ധുവായ പിയൂഷ് കുമാറാണ് മരിച്ചത്.
എംഎൽഎയുടെ ഭർതൃ സഹോദരൻ ക്ഷണിച്ചതിനെ തുടർന്നാണ് പിയുഷ് എംഎൽഎയുടെ വീട്ടിൽ പോയതെന്ന് യുവാവിന്റെ ബന്ധുക്കൾ പറഞ്ഞു. പാർട്ടിയിലുണ്ടായ തർക്കത്തിനിടെ പിയൂഷിനെ ഒരു മുറിയിൽ പൂട്ടിയിട്ടിരുന്നതായി യുവാവിന്റെ സുഹൃത്തുക്കൾ ആരോപിച്ചു.
പോലീസ് എംഎൽഎയുടെ വീട്ടിലെത്തി പരിശോധനകൾ നടത്തിവരികയാണ്. ഡോഗ് സ്ക്വാഡ്, ഫോറൻസിക് സംഘങ്ങൾ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ എംഎൽഎയുടെ അനന്തരവൻ ഗോലു സിംഗിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവ സമയത്ത് ഗോലു സിംഗ് മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും പോലീസ് അറിയിച്ചു.