സുരേഷ് ഗോപിയെ പിന്തുണച്ച് കൂടുതൽ സിനിമാ താരങ്ങൾ രംഗത്ത്. മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ വ്യാപകമായ തരത്തിൽ അശ്ലീല പ്രചരണങ്ങളാണ് ഇടത് നേതാക്കളും അണികളും ചില മാദ്ധ്യമങ്ങളും നടത്തുന്നത്. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് നടൻ ജോയ് മാത്യു. സന്ദേശം സിനിമ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് നടന്റെ വിമർശനം. സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ് താൻ എന്നും അദ്ദേഹം പറഞ്ഞു.
‘സന്ദേശം സിനിമ ഇറങ്ങി ഇന്നേക്ക് 32 വർഷം പൂർത്തിയാവുന്നു. ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതിൽ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാൻ മലയാളികളുടെ രാഷ്ട്രീയ പാർട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല.’എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുക! ഇതിനപ്പുറം ഒന്നുമില്ല.”
‘സുരേഷ് ഗോപിയുടെ രാഷ്‌ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ, വ്യക്തിപരമായി അറിയുന്നവർക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്. അതുകൊണ്ട് തന്നെ ഞാൻ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ്. ഈ പോസ്റ്റിനു താഴെ വന്ന് എന്നെ തെറിവിളിക്കുന്ന ലൈംഗിക ദാരിദ്ര്യാനുഭവ പാർട്ടിക്കാരെ പരിചയപ്പെടാൻ ഈ പോസ്റ്റ് നിങ്ങളെ സഹായിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുകയും ഇന്നുമുതൽ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റിനിർത്താൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു’- ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.















