ഇന്ത്യൻ സഹായത്തോടെ ബംഗ്ലാദേശിൽ നടപ്പിലാക്കുന്ന വികസന പദ്ധതികൾ നാളെ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്നാണ് ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നത്. മൂന്ന് ഇന്ത്യൻ സഹായ വികസന പദ്ധതികളാണ് ഇവ. അഖൗറ – അഗർത്തല ക്രോസ്-ബോർഡർ റെയിൽ ലിങ്ക്, ഖുൽന – മോംഗ്ല പോർട്ട് റെയിൽ ലൈൻ; മൈത്രീ സൂപ്പർ തെർമൽ പവർ പ്ലാന്റിന്റെ രണ്ടാം യൂണിറ്റ് എന്നിവയാണ് മൂന്ന് പദ്ധതികൾ.
അഖൗറ-അഗർത്തല ക്രോസ്-ബോർഡർ റെയിൽ ലിങ്കിന്റെ നീളം 12.24 കിലോമീറ്ററാണ്. 392.52 കോടി രൂപയുടെ ഇന്ത്യൻ സർക്കാർ ഗ്രാന്റിന്റെ സഹായത്തിലാണ് ഇരട്ട ഗേജ് റെയിൽ ലിങ്ക് പദ്ധതി ബംഗ്ലാദേശിലേക്ക് നീട്ടിയത്. ബംഗ്ലാദേശിൽ 6.78 കിലോമീറ്ററും ത്രിപുരയിൽ 5.46 കിലോമീറ്ററും നീളമാണ് ഇരുരാജ്യത്തുമുള്ളത്.
388.92 മില്യൺ യുഎസ് ഡോളറിന്റെ മൊത്തം പദ്ധതിച്ചെലവുള്ള ഖുൽന-മോംഗ്ല തുറമുഖ റെയിൽ ലൈൻ പദ്ധതി ഇന്ത്യാ സർക്കാരിന്റെ കൺസഷൻ ലൈൻ ഓഫ് ക്രെഡിറ്റ് പ്രകാരമാണ് നടപ്പാക്കിയത്. മോംഗ്ല തുറമുഖത്തിനും ഖുൽനയിലെ നിലവിലുള്ള റെയിൽ ശൃംഖലയ്‌ക്കും ഇടയിൽ ഏകദേശം 65 കിലോമീറ്റർ ബ്രോഡ് ഗേജ് റെയിൽ പാതയുടെ നിർമ്മാണമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇതോടെ, ബംഗ്ലാദേശിലെ രണ്ടാമത്തെ വലിയ തുറമുഖമായ മോംഗ്ല ബ്രോഡ്-ഗേജ് റെയിൽവേയുമായി ബന്ധപ്പിക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ കൺസഷനൽ ഫിനാൻസിംഗ് സ്‌കീമിന് കീഴിലുള്ള മൈത്രീ സൂപ്പർ തെർമൽ പവർ പ്രോജക്റ്റ് 1.6 ബില്യൺ യുഎസ് ഡോളറിന്റെ വായ്പയ്‌ക്ക് കീഴിലാണ് വരുന്നത്. ബംഗ്ലാദേശിലെ ഖുൽന ഡിവിഷനിലെ രാംപാലിലാണ് 1320 മെഗാവാട്ട് സൂപ്പർ തെർമൽ പവർ പ്ലാന്റ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ എൻടിപിസി ലിമിറ്റഡും ബംഗ്ലാദേശ് പവർ ഡെവലപ്മെന്റ് ബോർഡിന്റെയും സംയുക്ത സംരംഭമായ ബംഗ്ലാദേശ്-ഇന്ത്യ ഫ്രണ്ട്ഷിപ്പ് പവർ കമ്പനിയാണ് പദ്ധതി നടപ്പിലാക്കിയത്. മൈത്രീ സൂപ്പർ തെർമൽ പവർ പ്ലാന്റിന്റെ രണ്ടാം യൂണിറ്റാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്യുന്നത്. ഒന്നാം യൂണിറ്റ് 2022 സെപ്റ്റംബറിൽ ഇരുപ്രധാനമന്ത്രിമാരും ചേർന്ന് ഉദ്ഘാടനം ചെയ്തിരുന്നു. ബംഗ്ലാദേശിലെ ഊർജ സുരക്ഷയ്‌ക്ക് ഊന്നൽ നൽകുന്നതാണ് പദ്ധതി. പദ്ധതികൾ മേഖലയിലെ കണക്റ്റിവിറ്റിയ്‌ക്കും ഊർജ സുരക്ഷയ്‌ക്കും പ്രതീക്ഷ നൽകും.















