മുംബൈ: വയോധികയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. സെൻട്രൽ മുംബൈയിലെ വഡാലയിലാണ് സംഭവം. സംഭവത്തിൽ വഡാല സ്വദേശിയായ മുഹമ്മദ് ഫായിസ് റഫീഖ് സയ്യദ് (27) ആണ് അറസ്റ്റിലായത്. സുഗ്രാബി ഹുസൈൻ മുല്ല എന്ന 75-കാരിയെയാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്.
കവർച്ചാശ്രമം തടയുന്നതിനിടെയാണ് വയോധികയെ യുവാവ് കൊലപ്പെടുത്തിയത്. യുവാവ് ഇരുമ്പ് ദണ്ഡ് കൊണ്ട് വയോധികയുടെ തലയ്ക്കടിയ്ക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വയോധിക തൽക്ഷണം മരിച്ചു. തുടർന്ന് യുവാവ് മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കുകയായിരുന്നു.
വയോധികയുടെ മരണം ഉറപ്പിച്ചതോടെ മൃതദേഹം മണ്ണെണ്ണയൊഴിച്ച് കത്തിക്കാനും പ്രതി ശ്രമിച്ചതായി പോലീസ് പറഞ്ഞു. മുഖം പൂർണമായും കത്തിയതോടെ മൃതദേഹം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. തുടർന്ന് മുടിയുടെ നിറവും ആഭരണങ്ങളും നാട്ടുകാരെ കാണിച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്.